സുരക്ഷാ സജ്ജീകരണങ്ങൾ വിലയിരുത്തി
1512982
Tuesday, February 11, 2025 3:52 AM IST
ആലുവ: ശിവരാത്രിയോടനുബന്ധിച്ച് ബലിതർപ്പണത്തിന് മണപ്പുറത്തും നഗരത്തിലും എത്തുന്നവർക്കുമുള്ള സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന അവലോകന യോഗത്തിൽ ആലുവ നഗരസഭ, വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
സുരക്ഷാ ജോലികൾക്ക് കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, പ്രധാനപ്പെട്ട നിരത്ത്, മണപ്പുറം, പാലം എന്നിവിടങ്ങളിൽ ഷാഡോ പോലീസുണ്ടാകും. വാച്ച് ടവറുകളിലും പോലീസുണ്ടാകും. 24 മണിക്കൂറും സിസിടിവി കാമറകൾ പരിശോധിക്കും. മണപ്പുറത്ത് പോലീസ് കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കും.
ഷോപ്പുകൾ രജിസ്റ്റർ ചെയ്യുന്നതിന് സംവിധാനമൊരുക്കണമെന്ന് എസ്പി നിർദേശം നൽകി.
രജിസ്റ്റർ ചെയ്യുന്നിടത്ത് പോലീസ് സേവനം ലഭ്യമാക്കും. അമ്യൂസ്മെന്റ് പാർക്കിലെ റൈഡുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് എസ്പി പറഞ്ഞു. മണപ്പുറത്തും തോട്ടക്കാട്ടുകരയിലും ഫയർ സർവീസ് കേന്ദ്രങ്ങളുണ്ടാകുമെന്നും സ്കൂബ ഡൈവിംഗ് ടീം സജ്ജമാണെന്നും ഫയർ ആൻഡ് റെസ്ക്യു ഉദ്യോഗസ്ഥർ പറഞ്ഞു.
ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുമെന്നും പരിശോധന ഉണ്ടാകുമെന്നും ഭക്ഷ്യ സുരക്ഷവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ എക്സൈസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കുണ്ടാകും. പ്രധാന സ്ഥലങ്ങളിൽ കുടിവെള്ളമുണ്ടാകും. വൈദ്യുതി നിലയ്ക്കാതിരിക്കാൻ സംവിധാനമൊരുക്കും. റോഡുകളുടെ അറ്റകുറ്റ പണികൾ അടുത്ത ദിവസം തന്നെ ആരംഭിക്കും.