പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍
1513001
Tuesday, February 11, 2025 4:09 AM IST
കൊച്ചി: ലഹരിക്ക് അടിപ്പെട്ട് പോലീസ് ഉദ്യോഗസ്ഥരെ ക്രൂരമായി ആക്രമിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. അരുണാചല്‍പ്രദേശ് സ്വദേശിയായ ധനഞ്ജയ് ധിയോറി(25)യെയാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റ തൃക്കാക്കര സ്റ്റേഷനിലെ എഎസ്ഐ ഷിബി കുര്യന്സും സിപിഒ അനീഷ്കുമാറും ചികിത്സയിലാണ്.
ഞായറാഴ്ച രാത്രി 11.30-നായിരുന്നു സംഭവം. ലഹരിക്ക് അടിമയായി ഒരാള്‍ അക്രമാസക്തനായി കാക്കനാട് ഈച്ചമുക്ക് ഭാഗത്ത് വാഹനങ്ങള്‍ തടയുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഘം സ്ഥലത്ത് എത്തിയത്. തുടര്‍ന്ന് ഇയാള്‍ പോലീസിനു നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കവെ പോലീസുകാരുടെ യൂണിഫോം വലിച്ചു കീറുകയും വിസില്‍ കോഡ് ഉപയോഗിച്ച് മുഖത്ത് അടിക്കുകയും റോഡില്‍ കിടന്ന കരിങ്കല്‍ കഷണം എടുത്ത് എറിയുകയുമായിരുന്നു.
കല്ലേറിൽ എഎസ്ഐ ഷിബി കുര്യന്സിന്റെ തലയ്ക്ക് പരിക്കേറ്റു. സിപിഒ അനീഷ് കുമാറിനെയും പ്രതി മര്‍ദിച്ചു. ബലപ്രയോഗത്തിലൂടെയാണ് പോലീസ് പ്രതിയെ കീഴടക്കിയത്. പരിക്കേറ്റവര്‍ തൃക്കാക്കര സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി.
പോലീസിനെ ആക്രമിച്ചതിനും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.