ഹലോ... മരട് നഗരസഭയിൽ നിന്നാണ്...സേവനങ്ങൾക്ക് ഫീഡ്ബാക്ക് സംവിധാനവുമായി മരട് നഗരസഭ
1512970
Tuesday, February 11, 2025 3:44 AM IST
മരട്: മരട് നഗരസഭയിൽനിന്നു ലഭിച്ചിട്ടുള്ള സേവനങ്ങളുടെ ഫീഡ്ബാക്ക് എടുക്കുന്ന സംവിധാനത്തിന് തുടക്കംകുറിച്ചു. പൊതുജനങ്ങൾക്കായുള്ള സേവനം കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും എന്തെങ്കിലും അപാകതകൾ ശ്രദ്ധയിൽപ്പെട്ടാൽ പരിഹരിക്കുന്നതിനുമുള്ള പദ്ധതി നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ രശ്മി സനിൽ അധ്യക്ഷത വഹിച്ചു.
നിലവിലെ സേവനങ്ങളെല്ലാം കെ സ്മാർട്ട് വഴിയുള്ള ഓൺലൈൻ സംവിധാനമായതിനാൽ സാങ്കേതിക തകരാറുകൾക്കുള്ള സാധ്യത കണക്കിലെടുത്താണ് ഫീഡ് ബാക്ക് സംവിധാനമേർപ്പെടുത്തിയത്.
എല്ലാ കോളുകളും റിക്കാർഡ് ചെയ്യുകയും ഏതെങ്കിലും വിഷയത്തിന്മേൽ അപാകതയോ പരാതിയോ നിലനിൽക്കുന്നുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം തേടുകയും തുടർന്ന് അത്തരം അപാകതകൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്യുമെന്ന് നഗരസഭാ ചെയർമാൻ പറഞ്ഞു. ആദ്യഘട്ടത്തിൽ ജനന മരണ വിഭാഗത്തിലാണ് പദ്ധതിക്ക് തുടക്കമിട്ടത്.