മാലിന്യക്കുഴിയിൽ വീണ് കുട്ടി മരിച്ച സംഭവം; കഫെ ഉടമകളുടെ മൊഴിയെടുത്തു
1512681
Monday, February 10, 2025 3:46 AM IST
കഫേ താൽക്കാലികമായി അടപ്പിച്ചു
നെടുമ്പാശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള കഫേയുടെ മാലിന്യക്കുഴിയിൽ മൂന്ന് വയസുള്ള പിഞ്ചുബാലൻ വീണ് മരിച്ച സംഭവത്തിന്റെ അന്വേഷണ ചുമതല നെടുമ്പാശേരി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ജി.സാബുവിന് കൈമാറി. അന്വേഷണത്തിന്റെ തുടക്കം എന്ന നിലയിൽ മാലിന്യക്കുഴിയോട് ചേർന്നുള്ള സാറ കഫേ താൽക്കാലികമായി അടയ്ക്കാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ) നിർദേശം നൽകിട്ടുണ്ട്.
മാലിന്യക്കുഴിയുടെ മുകളിൽ സ്ലാബ് ഇട്ടിരുന്നില്ല . ഭൂമിയുടെ നിരപ്പിൽ നിന്ന് അൽപ്പം ഉയർത്തിയാണ് കുഴിയുടെ ഭിത്തികൾ പണിതിരുന്നത് . മാലിന്യം കട്ടിയായിട്ടാണ് കുഴിയിൽ കിടന്നിരുന്നത്. കഫെ ഉടമകളിൽ നിന്ന് പോലീസ് മൊഴിയെടുത്തിട്ടുണ്ട്
കുട്ടിയുടെ മാതാപിതാക്കൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി 0484 എയ്റോലോഞ്ചിൽ താമസിപ്പിച്ചു. മൃതദേഹം ഇൻഡിഗോ വിമാനത്തിൽ ഹൈദരാബാദ് വഴിയാണ് ജയപൂരിലേക്ക് കൊണ്ടുപോയത്. ജില്ലാ കളക്ടറുടെ പ്രത്യേക ഇടപെടൽ മൂലം രാത്രി തന്നെ മൃതദേഹം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റുമോർട്ടം നടത്തി എംബാം ചെയ്താണ് സൂക്ഷിച്ചിരുന്നത്.
വിമാനത്താവള കമ്പനിയാണ് ഇതിനുള്ള ക്രമീകരണം ചെയ്തത് . ജയ്പൂരിൽ ഗായത്രി നഗറിൽ സൗരഭിന്റെ മകൻ റിദാൻ ജാജു ആണ് മരിച്ചത്. ഇവർ കുടുബസമേതമാണ് വിനോദസഞ്ചാരത്തിനായി കൊച്ചിയിൽ എത്തിയത്.