പാതിവില തട്ടിപ്പ്: ആറു പരാതികൾ കൂടി രജിസ്റ്റര്‍ ചെയ്തു
1512371
Sunday, February 9, 2025 4:12 AM IST
കൊച്ചി: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്നലെ ആറു പരാതികള്‍ക്കൂടി രജിസ്റ്റര്‍ ചെയ്തു. കൂത്താട്ടുകുളം, പിറവം, മുളന്തുരുത്തി എന്നിവിടങ്ങളില്‍ ഓരോന്ന് വീതവും വടക്കന്‍ പറവൂരില്‍ മൂന്നു പരാതിയുമാണ് രജിസ്റ്റര്‍ ചെയ്തത്. പറവൂരില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ മാത്രം 500ലധികം പരാതികളാണ് ലഭിച്ചത്.
തട്ടിപ്പിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് പ്രതി വാങ്ങിക്കൂട്ടിയ ഭൂമി ക്രയവിക്രയം നടത്താന്‍ കഴിയാത്ത വിധമുള്ള നടപടികള്‍ പോലീസ് സ്വീകരിക്കും. വിവിധയിടങ്ങളില്‍ തട്ടിപ്പിന് ഇരയായവര്‍ മാസങ്ങള്‍ക്കു മുമ്പേ സംസ്ഥാന പോലീസ് മേധാവിക്കടക്കം പരാതി നല്‍കിയിട്ടും നടപടികള്‍ ഉണ്ടായില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കസ്റ്റഡിയിലുള്ള പ്രതിയെ ഇന്നു എറണാകുളത്തെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
സിഎസ്ആര്‍ ഫണ്ടിന് പണം വാങ്ങി ക്ലാസ് കൊടുത്തു
വലിയ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് ലഭിക്കുന്നതു പ്രതി അനന്തു കൊച്ചിയില്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ അംഗങ്ങള്‍ക്ക് ക്ലാസ് നല്കി. 2024 ജൂലൈ 26, 27 തിയതികളിലായിരുന്നു യോഗം. പങ്കെടുത്തവരിൽ നിന്നു 2,500 മുതല്‍ 10,000 രൂപവരെ വാങ്ങി. അഞ്ഞൂറിലധികം പേര് പങ്കെടുത്ത യോഗത്തില്‍ നേരിട്ടും ഓണ്‍ലൈനായും വിവിധ കമ്പനികളുടെ തലപ്പത്തുള്ളവരും പങ്കെടുത്തു.
തുടര്‍ന്ന് അനന്തുകൃഷ്ണനും കെ.എന്‍. ആനന്ദകുമാറും ചേര്‍ന്ന് അംഗങ്ങളോട് ലാപ്ടോപ്, സ്കൂട്ടര്‍, തയ്യൽ മെഷീന് എന്നിവ ആവശ്യമുള്ള സംഘടനകളുടെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, മൂന്നു വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട്, പ്രവര്‍ത്തന റിപ്പോര്‍ട്ട് എന്നിവ നല്കാന് നിര്‍ദേശം നല്കി.
സിഎസ്ആര്‍ ഫണ്ട് നേടിയെടുക്കാന്‍ ഇവ ആവശ്യമാണെന്ന് ധരിപ്പിച്ചായിരുന്നു നിര്‍ദേശം.