ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തി
1513003
Tuesday, February 11, 2025 4:10 AM IST
പറവൂർ: വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തി. പറവൂർ യാക്കോബായ പള്ളിക്ക് സമീപം അന്പാട്ട് വീട്ടിൽ നിമ്മിയെയാണ് (55) വീട്ടിലെ സോഫയിൽ മരിച്ചനിലയിൽ കണ്ടത്.
പന്ത്രണ്ട് വർഷമായി വാണിയക്കാട് ഒറ്റയ്ക്കാണ് ഇവർ താമസിച്ചിരുന്നത്. ബന്ധുക്കളുമായോ അയൽവാസികളുമായോ ഇവർക്ക് അടുപ്പമില്ല. ഇന്നലെ ഉച്ചയോടെ വീട്ടിൽനിന്നു ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നു പരിസരവാസികൾ പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസെത്തി മുൻവശത്തെ വാതിൽ ചവിട്ടിപ്പൊളിച്ചാണ് അകത്തുകടന്നത്. മുൻവശത്തെ മുറിയിലെ സോഫയിൽ ചാരി ഇരിക്കുന്ന നിലയിലായിരുന്നുമൃ തദേഹം. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടാകാമെന്ന് പോലീസ് പറഞ്ഞു.
ഇവർ കുറച്ചു നാളായി കടുത്ത പ്രമേഹ ബാധിതയാണെന്ന് ബന്ധുക്കൾ പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊച്ചി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഇന്നു സംസ്കരിക്കും. ചാക്കോ- മേരി ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: മിനി, ഷിമ്മി, ഗ്രിഗർ, മനോജ്.