കെട്ടിടത്തിൽ നിന്ന് ശുചിമുറി മാലിന്യം കനാലിലേക്ക് ഒഴുക്കുന്നതായി പരാതി
1512696
Monday, February 10, 2025 4:08 AM IST
പോത്താനിക്കാട്: കെട്ടിടത്തിൽ നിന്ന് ശുചിമുറി മാലിന്യം കനാലിലേക്ക് ഒഴുക്കുന്നതായി പരാതി. പല്ലാരിമംഗലം പഞ്ചായത്ത് 12-ാം വാർഡിൽ അടിവാട് - കോതമംഗലം റോഡിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്നാണ് ശുചിമുറി മാലിന്യം കനാലിലേക്ക് ഒഴുക്കുന്നത്. എംവിഐപി കനാലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കെട്ടിടം വ്യാപാരാവശ്യങ്ങൾക്കായി നിർമിച്ചതാണ്. എന്നാൽ ഇവിടെ അന്പതിലേറെ ഇതര സംസ്ഥാന തൊഴിലാളികളെയാണ് അനധികൃതമായി പാർപ്പിച്ചിരിക്കുന്നത്.
ഇതു സംബന്ധിച്ച് പല്ലാരിമംഗലം പഞ്ചായത്ത് സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർക്ക് നാട്ടുകാർ പരാതി നൽകിയെങ്കിലും തുടർ നടപടി സ്വീകരിക്കാൻ അധികൃതതർ തയാറായിട്ടില്ല. വാരപ്പെട്ടി പഞ്ചായത്ത് നാലാം വാർഡിനോടു ചേർന്ന പ്രദേശമാണിത്. വാരപ്പെട്ടി പഞ്ചായത്ത് സെക്രട്ടറിക്കും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.
വേനൽ കടുക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കുളിക്കുന്നതിനും മറ്റാവശ്യങ്ങൾക്കും കനാലിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. അധികൃതർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
യാതൊരുവിധ സൗകര്യങ്ങളുമില്ലാത്ത അടിവാട് ടൗണിലെ പല കെട്ടിടങ്ങളിലും അനധികൃതമായി ഇതര സംസ്ഥാന തൊഴിലാളികളെ കൂട്ടമായി പാർപ്പിച്ചിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നേരത്തെ മുതൽ പരാതിയുള്ളതാണ്.