കൊച്ചിയില്‍ ലൈസന്‍സില്ലാത്ത സ്വകാര്യ പ്ലേ സ്കൂളുകള്‍ പെരുകുന്നു
1512673
Monday, February 10, 2025 3:46 AM IST
കോര്പറേഷന് കണക്കില്‍ 13 എണ്ണം മാത്രം
സിജോ പൈനാടത്ത്
കൊച്ചി: കൊച്ചിയില്‍ സ്വകാര്യ പ്ലേ സ്കൂളുകളും ഡേ കെയര്‍ സെന്ററുകളും നൂറുകണക്കിനെങ്കിലും കോര്പറേഷന് കണക്കിലുള്ളത് വിരലിലെണ്ണാവുന്നവ മാത്രം. 74 ഡിവിഷനുകളുള്ള കോര്‍പറേഷനില്‍ അംഗീകൃത ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്നത് 13 എണ്ണം മാത്രമെന്നു വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നു.
കോര്‍പറേഷനിലെ 12 ഡിവിഷനുകളില്‍ മാത്രമാണ് ലൈസന്‍സോടു കൂടിയ പ്ലേ സ്കൂളുകളോ ഡേ കെയറുകളോ പ്രവര്‍ത്തിക്കുന്നതെന്ന വിചിത്രമായ മറുപടി കോര്പറേഷന് അധികൃതര്‍ നല്‍കിയിട്ടുണ്ട്. മറ്റിടങ്ങളില്‍ ഇത്തരം സെന്ററുകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവ നിശ്ചിതമായ ലൈസന്‍സോടു കൂടിയല്ലെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു.
കോര്‍പറേഷന്റെ സെന്‍ട്രല്‍ സോണില്‍ ഉള്‍പ്പെട്ട അഞ്ചു ഡിവിഷനുകളിലായി ആറു പ്ലേ സ്കൂള്‍- ഡേ കെയര്‍ സെന്ററുകളുണ്ടെന്ന് കോര്പറേഷന് വ്യക്തമാക്കുന്നു. വൈറ്റില മേഖലയില്‍ രണ്ടു സ്ഥാപനങ്ങള്‍ക്കും ലൈസന്‍സുണ്ട്. പശ്ചിമകൊച്ചി മേഖലയിലാണ് മറ്റുള്ളവ.
ഓരോ ഡിവിഷനിനും ഇത്തരം സെന്ററുകള്‍ ശരാശരി പത്തു വീതമുണ്ടെന്നാണു കൗണ്‍സിലര്‍മാര്‍ പറയുന്നത്. ലൈസന്‍സ് എടുക്കാത്തതിനാല്‍ ബോര്‍ഡോ മറ്റു പരസ്യങ്ങളോ ഇല്ലാതെയാണ് പലതിന്റെയും പ്രവര്‍ത്തനമത്രെ. ഓരോ സെന്ററിലും ഈടാക്കുന്ന ഫീസിനും ഏകീകരണമില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ ഇടപെടേണ്ടതുണ്ടെന്നും അനധികൃതമായ സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും പൊതുപ്രവര്‍ത്തകനായ രാജു വാഴക്കാല ആവശ്യപ്പെട്ടു.
11-ാം ഡിവിഷനിലുള്ള പ്ലേസ് സ്കൂളിന് കെട്ടിടത്തിന്റെ സ്വഭാവം പരിഗണിച്ചു കോര്പറേഷന് ലൈസന്‍സ് നിഷേധിച്ചിട്ടും എംഎസ്എംഇ എന്ന പേരിലാണു പ്രവര്‍ത്തനമെന്നു രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.
അടച്ചുപൂട്ടിയത് മൂന്ന്
2020 മുതല്‍ 2024 വരെയുള്ള കാലഘട്ടത്തില്‍ കോര്‍പറേഷനിലെ മൂന്നു പ്ലേ സ്കൂളുകള്‍ അനധികൃത പ്രവര്‍ത്തനത്തിന്റെ പേരില്‍ അടച്ചുപൂട്ടി. ഏഴാം ഡിവിഷനില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന രണ്ടു പ്ലേ സ്കൂളുകള്‍ക്കു കോര്പറേഷന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ലൈസന്‍സ് ഫീസ് ഇങ്ങനെ
പ്ലേ സ്കൂളോ ഡേ കെയറോ സജ്ജമാക്കാന്‍ നടത്തിയ മൂലധന നിക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണു കോര്പറേഷന് ലൈസന്‍സ് ഫീസ് ഈടാക്കുന്നത്.
10 ലക്ഷം രൂപ വരെയുള്ള ചെലവഴിച്ച സെന്ററിന് ലൈസന്‍സ് ഫീസ് 500 രൂപ.
10-25 ലക്ഷം വരെ- 1000 രൂപ
25-2 കോടി വരെ - 5000 രൂപ
2-5 കോടി വരെ - 10000 രൂപ
5 കോടിയ്ക്കു മുകളില്‍ - 15000 രൂപ
കേരള മുനിസിപ്പല്‍ ആക്ട് സെക്ഷന്‍ 447 പ്രകാരമുള്ള വിവിധ രേഖകളും ലൈസന്‍സ് ലഭിക്കാന്‍ സമര്‍പ്പിക്കേണ്ടതുണ്ട്.