പാതിവില തട്ടിപ്പ് : പറവൂരിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു
1512683
Monday, February 10, 2025 3:55 AM IST
പറവൂർ: പാതിവില തട്ടിപ്പിന് ഇരയായവർ ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. പറവൂരിലെ ജനസേവ സമിതി ട്രസ്റ്റ് മുഖേന പണം നൽകിയ ഏകദേശം 500 ഓളം പേർ ഒത്തുചേർന്നാണ് ആക്ഷൻ കൗൺസിലിന് രൂപം നൽകിയത്.
ഇരുചക്രവാഹനങ്ങളും ഗൃഹോപകരണങ്ങളും മറ്റും പാതിവിലയ്ക്കു നൽകാമെന്ന പദ്ധതിയിൽ വിശ്വസിച്ച് പണം നഷ്ടപ്പെട്ടമായവരുടെ എണ്ണം അനുദിനം വർധിക്കുകയാണ്. ഇരുചക്ര വാഹനത്തിനു പണമടച്ചിട്ടു ലഭിക്കാത്തവർ മാത്രം പറവൂരിൽ 2,200 ഓളം പേരുണ്ട്. 15 കോടിയോളം രൂപയുടെ തട്ടിപ്പാണ് പറവൂരിൽ മാത്രം നടന്നതെന്നാണു പൊലീസിൻ്റെ നിഗമനം.
ഇരുചക്രവാഹനം, തയ്യൽ മെഷീൻ, ഗൃഹോപകരണങ്ങൾ തുടങ്ങിയവയുടെ വിതരണം നടക്കുമ്പോൾ അതിന്റെ ചിത്രവും വിവരണവും ഗ്രൂപ്പുകളിലൂടെ നൽകിയിരുന്നതും രാഷ്ട്രീയ നേതാക്കന്മാർ പങ്കെടുത്തതും ഇതിലുള്ള വിശ്വാസം വർധിപ്പിക്കാൻ ഇടയാക്കിയതായി തട്ടിപ്പിനിരയായവർ പറഞ്ഞു.
മൂന്ന് മാസം മുതൽ ഒരു വർഷം വരെ കാത്തിരുന്നവരുണ്ട് കൂട്ടത്തിൽ. കേസു കൊടുത്തതിന്റെ പേരിൽ ചില വാട്സാപ് ഗ്രൂപ്പുകളിൽ ഭീഷണി സന്ദേശം വരുന്നതായും പറവൂരിൽ ഒത്തുകൂടിയവർ പറഞ്ഞു.
ആദ്യഘട്ടത്തിൽ നിയമ നടപടികൾ സ്വീകരിച്ച ശേഷം മറ്റു സമരത്തിലേക്ക് കടക്കാനാണ് ആക്ഷൻ കൗൺസിലിന്റെ തീരുമാനം.