വാതിൽപ്പടി സമരം : കൊച്ചിയിൽ റേഷൻ വിതരണം അവതാളത്തിൽ
1512968
Tuesday, February 11, 2025 3:44 AM IST
മട്ടാഞ്ചേരി: സർക്കാർ വാതിൽപ്പടി കരാറുകാർക്ക് നൽകാനുള്ള കുടിശിഖ വിതരണത്തിൽ ധാരണയായെങ്കിലും വാതിൽപ്പടി റേഷൻ വിതരണം കൊച്ചിയിൽ പുനരാരംഭിച്ചില്ല. ജില്ലയിലെ ഭൂരിഭാഗം താലൂക്കുകളിലും വിതരണം ആരംഭിച്ചെങ്കിലും കൊച്ചി സിറ്റി റേഷനിംഗ് ഓഫീസ് പരിധികളിൽ വിതരണം തുടങ്ങാത്ത അവസ്ഥയാണ്. ഇതുമൂലം കൊച്ചിയിൽ റേഷൻ വിതരണം അവതാളത്തിലായിരിക്കുന്ന സാഹചര്യമാണ്.
കൊച്ചി, കണയന്നൂർ താലൂക്കുകളിലും കൊച്ചി സിറ്റി എന്നിവിടങ്ങളിലാണ് വാതിൽപ്പടി റേഷൻ വിതരണം സ്തംഭനാവസ്ഥയിലായിട്ടുള്ളത്. ഇതോടെ റേഷൻ സാധനങ്ങൾ ലഭിക്കാതെ കാർഡ് ഉടമകൾ വലയുന്ന സാഹചര്യമാണ്. മാസത്തിലെ ആദ്യ 10 ദിവസം പിന്നിട്ടിട്ടും റേഷൻ സാധനങ്ങൾ കടകളിൽ എത്താത്തത് മൂലം കാർഡ് ഉടമകളും റേഷൻ വ്യാപാരികളും തമ്മിലുള്ള തർക്കവും പതിവായി മാറിയിരിക്കുകയാണ്.
മറ്റിടങ്ങളിൽ റേഷൻ വിതരണം പുനരാരംഭിച്ചിട്ടും കൊച്ചിയിൽ ആരംഭിക്കാത്തത് കരാറുകാർക്ക് കുടിശിഖ കിട്ടാത്തതിനാലാണെന്നാണ് പറയുന്നത്. അടിയന്തരമായി റേഷൻ വിതരണം പുനരാരംഭിക്കാൻ നടപടി വേണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കൊച്ചി സിറ്റി പ്രസിഡന്റ് കെ.കെ. കുഞ്ഞച്ചൻ, സെക്രട്ടറി സി.എ. ഫൈസൽ എന്നിവർ ആവശ്യപ്പെട്ടു.