ഭാഗ്യക്കുറി വിൽപ്പനക്കാരിക്ക് പരിക്കേറ്റ സംഭവം: സ്കൂട്ടർ ഓടിച്ചയാളെ തിരിച്ചറിഞ്ഞു
1512976
Tuesday, February 11, 2025 3:44 AM IST
മട്ടാഞ്ചേരി: അമിത വേഗതയിൽ വന്ന സ്കൂട്ടറിടിച്ച് ഭാഗ്യക്കുറി വിൽപ്പനക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ സ്കൂട്ടർ ഓടിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞെങ്കിലും ആളെ കണ്ടെത്താനായിട്ടില്ല. സ്കൂട്ടറിന്റെ ഉടമയെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ഇരുവർക്കുമായുളള അന്വേഷണം പോലീസ് ഊർജിതമാക്കി.
നോർത്ത് പറവൂർ പെരുവാരം മേനേപ്പാടം വീട്ടിൽ വസന്ത ബാബുരാജിനാണ് (63) വേഗതയിൽ വന്ന ബൈക്കിടിച്ച് പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ട് നാലോടെ ഫോർട്ട്കൊച്ചി പോലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം.
ഇവർ റോഡ് മുറിച്ച് കടക്കവേ അമിത വേഗതയിൽ വന്ന ഇലക്ട്രിക് സ്കൂട്ടറിൽ എത്തിയവർ ഇടിച്ചിട്ട് കടന്ന് കളയുകയായിരുന്നു. സമീപത്തെ കച്ചവടക്കാർ സ്കൂട്ടറിന് പിന്നാലെ ചെന്നെങ്കിലും ഇവർ വേഗത്തിൽ കടന്ന് കളയുകയായിരുന്നു.
ഇവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇവരുടെ കൈക്കും നെറ്റിക്കും പരിക്കുണ്ട്. ഹെൽമെറ്റ് പോലും വയ്ക്കാതെയാണ് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്നവർ സ്റ്റേഷന് മുന്നിലൂടെ അമിത വേഗതയിൽ എത്തിയത്.