കർഷകരിൽ അമിതഭാരം അടിച്ചേൽപ്പിക്കുന്ന ബജറ്റെന്ന്
1512698
Monday, February 10, 2025 4:08 AM IST
പോത്താനിക്കാട്: കർഷകർക്ക് സഹായമാകുന്ന പദ്ധതികളില്ലാത്തതും അവരുടെമേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്നതുമാണ് സംസ്ഥാന ബജറ്റെന്ന് കർഷക കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മാണി പിട്ടാപ്പിള്ളിൽ. കർഷക കോണ്ഗ്രസ് പൈങ്ങോട്ടൂർ മണ്ഡലം കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റബറിന് പ്രകടപത്രികയിൽ പറഞ്ഞ 250 രൂപ വില സ്ഥിരത ഫണ്ട് വകയിരുത്താതെയും നെല്ലിന്റെ താങ്ങുവില വർധിപ്പിക്കാതെയും അവസാന ബജറ്റിലും സർക്കാർ കർഷകരെ വഞ്ചിച്ചു. അധിക നികുതി അടിച്ചേൽപ്പിക്കുന്നത് കടക്കെണിയിൽ നിൽക്കുന്ന കർഷകന് അമിതഭാരം നൽകും. വന്യമൃഗശല്യം തടയാനും, കൃഷി നശിപ്പിക്കുന്നതിന് നഷ്ടപരിഹാരം നൽകാനും ആവശ്യമായ തുക വകയിരുത്തിയിട്ടില്ല.
കൂനിന്മേൽ കുരുവെന്ന പോലെ ഭൂനികുതി കൂടി 50 ശതമാനം വർധിപ്പിച്ചതോടെ ഈ സർക്കാർ കർഷകരുടെ കഴുത്തിൽ കത്തിവച്ചിരിക്കുകയാണെന്നും മാണി പിട്ടാപ്പിള്ളിൽ കുറ്റപ്പെടുത്തി.മണ്ഡലം പ്രസിഡന്റ് ഡൊമിനിക് നെടുങ്ങാട്ട് അധ്യക്ഷതവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.വി. കുര്യാക്കോസ്, ഇബ്രാഹിം ലുഷാദ്, കെ.എം. ചാക്കോ, ബാബു മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.