പല്ലാരിമംഗലം സൂപ്പർ ലീഗ് ഏപ്രിൽ ആദ്യവാരം
1512988
Tuesday, February 11, 2025 3:59 AM IST
പോത്താനിക്കാട് : പല്ലാരിമംഗലം മിലാൻ ഫുട്ബോൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന പല്ലാരിമംഗലം സൂപ്പർ ലീഗ് (പിഎസ്എൽ) ഏപ്രിൽ ആദ്യവാരം ആരംഭിക്കും. ഐഎസ്എൽ മാതൃകയിൽ സംഘടിപ്പിച്ചിരുന്ന ടൂർണമെന്റ് കോവിഡ് മഹാമാരിയെയും സ്റ്റേഡിയത്തിന്റെ നിർമ്മാണത്തെ തുടർന്നും മുടങ്ങിയിരുന്നു. സ്റ്റേഡിയ നിർമാണം പൂർത്തിയായതോടെയാണ് പി.എസ്.എൽ സീസണ് -6 ഏപ്രിൽ ആദ്യ വാരം പല്ലാരിമംഗലം പഞ്ചായത്ത് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കുമെന്ന് സംഘാട സമിതി അറിയിച്ചു.
എട്ട് ഫ്രാഞ്ചൈസികൾക്കാണ് ടീം ഉടമകളാകാനുള്ള അവസരം. താരലേലത്തിലൂടെയാണ് കളിക്കാരെ തെരഞ്ഞെടുക്കുന്നത്. ഇതിനായി കളിക്കാർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. പല്ലാരിമംഗലം, പോത്താനിക്കാട്, പൈങ്ങോട്ടൂർ, വാരപ്പെട്ടി, കവളങ്ങാട് എന്നീ പഞ്ചായത്തുകളിൽ ഉൾപ്പെടുന്നവർക്കാണ് പങ്കെടുക്കാൻ അവസരം.
കൂടാതെ എറണാകുളം, ഇടുക്കി ജില്ലയിൽ നിന്നും നാല് മാർക്വീ താരങ്ങളെ വരെ സ്ക്വാഡിൽ ഉൾപ്പെടുത്താമെന്നും താരലേലവും മറ്റു തീയതികളും പിന്നീട് അറിയിക്കുമെന്നും സംഘാടക സമിതി ചെയർമാൻ എം.എസ് സഹീർ അറിയിച്ചു. ഫോണ് : 9744325794.