ചൂടില്‍ തളര്‍ന്ന് വിനോദസഞ്ചാര മേഖല
1512677
Monday, February 10, 2025 3:46 AM IST
കൊച്ചി: വേനല്‍ച്ചൂടിനൊപ്പം സ്കൂളുകളില്‍ വാര്‍ഷിക പരീക്ഷകളും ആരംഭിച്ചതോടെ വാടിത്തളര്‍ന്ന് ജില്ലയിലെ വിനോദസഞ്ചാരമേഖല. ജില്ലയില്‍ ഇന്നലെ 31.6 ഡിഗ്രി സെല്‍ഷസ് ചൂടാണ് രേഖപ്പെടുത്തിയത്. ചൂട് കനത്തതോടെ സംസ്ഥാനത്തിനകത്തു നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് സംഭവിച്ചിട്ടുള്ളതെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നു.
സഞ്ചാരികളുടെ എണ്ണം കുറഞ്ഞതോടെ മേഖലയെ ആശ്രയിച്ച് കഴിയുന്നവരും പരുങ്ങലിലായി. ബോട്ടിംഗ്, വ്യാപാരം എന്നിവ ജനുവരി മാസത്തേക്കള്‍ പകുതിയില്‍ താഴെമാത്രമാണ് നടക്കുന്നത്. ഇക്കുറി ചൂട് നേരത്തെ കനത്തതും തിരിച്ചടിയായി. അതേസമയം കനത്ത ചൂടിലും വേനലവധി ആഘോഷിക്കാന്‍ തമിഴ്നാട്ടില്‍ നിന്നുള്ള സംഘങ്ങൾ എത്തുന്നതാണ് ചെറിയ ആശ്വാസം.
എറണാകുളം മറൈന്‍ഡ്രൈവില്‍ അടക്കം പകല്‍ സമയങ്ങളില്‍ ഇടവേളകളില്ലാതെ നടത്തിയിരുന്ന ബോട്ടിംഗുകള് ഇപ്പോള്‍ വെയില് താഴ്ന്നാല്‍ മാത്രമാണ് നടക്കുന്നത്.
ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി, മുനമ്പം, ചെറായി, പുതുവൈപ്പ്, കുഴുപ്പിള്ളി തുടങ്ങിയ ബീച്ചുകളിലും സഞ്ചാരികളുടെ എണ്ണം കുറഞ്ഞു തുടങ്ങി. ഇവിടങ്ങളില്‍ സായാഹ്നം ആസ്വദിക്കാന്‍ മാത്രമാണ് ആളുകള്‍ ഇപ്പോഴെത്തുന്നത്.
കോതമംഗലം മേഖലയിലെ ഭൂതത്താന്‍കെട്ട്, തട്ടേക്കാട് പക്ഷി സങ്കേതം എന്നിവിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. അതിനിടെ ചൂട് കനക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കുന്നു.