‘ഓർമകളും ഗാന്ധിയും’സംവാദം സംഘടിപ്പിച്ചു
1512694
Monday, February 10, 2025 4:08 AM IST
കൊച്ചി: എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ നടക്കുന്ന ഗാന്ധി സ്മാരക കലാപ്രദര്‍ശനത്തിന്റെ ഭാഗമായി പൊതുജനങ്ങളുടെ ഓർമകളും ഗാന്ധിയും എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു.
എറണാകുളം പബ്ലിക് ലൈബ്രറി അങ്കണത്തില്‍ നടന്ന പരിപാടിയില്‍ കേന്ദ്ര ഗാന്ധിസ്മാരക നിധി ചെയര്മാന് രാമചന്ദ്ര രാഹി, ദേശീയ ഗാന്ധി മ്യൂസിയം ചെയര്മാന് എ. അണ്ണാമലൈ, ഗാന്ധി സ്മാരക സമിതി കോല്‍ക്കത്ത സെക്രട്ടറി പാപ്പരി സര്‍ക്കാര്‍, ഗാന്ധിയന്‍ ആശയങ്ങളുടെ പ്രചാരകന് ബംഗ്ലാദേശില്‍ നിന്നുള്ള രഹനബ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഗാന്ധി ലക്ഷക്കണക്കിന് ആളുകളെ അണിനിരത്തി സമരം ചെയ്തില്ലായിരുന്നെങ്കില്‍ നമുക്ക് സ്വാതന്ത്ര്യവും ജനാധിപത്യവും ലഭിക്കില്ലായിരുന്നുവെന്ന് രാമചന്ദ്ര രാഹി പറഞ്ഞു. ഈ രാജ്യം ഭരിക്കേണ്ടത് സൈന്യമല്ല, ജനങ്ങളാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ജനങ്ങള്‍ക്കിടയില്‍ ജീവിച്ചിരുന്നതിനാലാണ് ഗാന്ധി ജനകീയനായത്.
ഗാന്ധി സ്വാതന്ത്ര്യ സമരത്തിന്റെ മുന്‍നിര പോരാളി ആയിരുന്നില്ലെന്നും മറ്റ് പലരുമായിരുന്നു യഥാര്‍ഥ പോരാളികളെന്നും ഇവിടുത്തെ രാഷ്ട്രീയ അധികാരികള്‍ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുമ്പോഴും ഗാന്ധി ജനകീയനായി തുടരുന്നത് അദ്ദേഹം ജനങ്ങള്‍ക്കിടയിലാണ് ജീവിച്ചതിനാലാണെന്നും അദ്ദേഹം പറഞ്ഞു.