കൈയടിക്കാം, ഈ സത്യസന്ധതയ്ക്ക് : ഓട്ടോറിക്ഷയില്‍ മറന്നു വച്ച ഐഫോണ്‍ വിദേശമലയാളിക്ക് കൈമാറി ഓട്ടോഡ്രൈവര്‍
1512676
Monday, February 10, 2025 3:46 AM IST
കൊച്ചി: ഓട്ടോറിക്ഷയില്‍ മറന്നുവച്ച ഐഫോണ്‍ വിദേശമലയാളിയായ ശാസ്ത്രജ്ഞയ്ക്ക് കൈമാറി ഓട്ടോഡ്രൈവര്‍. തൃശൂര്‍ കുന്നംകുളം കുമരത്തംകോട് അലി അക്ബറിന്റെ സത്യസന്ധതയിൽ, കഴിഞ്ഞ 54 വര്‍ഷമായി അമേരിക്കയില്‍ സയന്റിസ്റ്റായി ജോലി ചെയ്യുന്ന തിരുവല്ല മേളാംപറമ്പില്‍ വീട്ടില്‍ വത്സമ്മ വര്‍ഗീസിനാണ് വലിയ വിലയുള്ള ഫോണ്‍ തിരികെക്കിട്ടിയത്.
കേരളത്തില്‍ സന്ദര്‍ശനത്തിനായി എത്തിയ വത്സമ്മ വെള്ളിയാഴ്ച വൈകിട്ട് മറൈന്‍ ഡ്രൈവില്‍ നിന്നാണ് അലിയുടെ ഓട്ടോയില്‍ കയറിയത്. ഗോശ്രീ ദ്വീപിലേക്കുള്ള യാത്രയ്ക്കുശേഷം ഓട്ടോറിക്ഷയില്‍ ഫോണ്‍ മറന്നുവയ്ക്കുകയായിരുന്നു. ഏറെ വൈകിയാണ് ഫോണ്‍ നഷ്ടമായ വിവരം ഇവര്‍ അറിയുന്നത്. രാത്രി 7.30 ഓടെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി.
അതേസമയം തന്റെ ഓട്ടോറിക്ഷയില്‍ ഐഫോണ്‍ ഇരിക്കുന്നത് അറിയാതെ കുന്നംകുളത്തേക്ക് മടങ്ങിയ അലിയെ മടക്കയാത്രയില്‍ ഓട്ടോയിൽ കയറിയവരാണ് ഫോണ്‍ കിടക്കുന്നത് കാണിച്ചുകൊടുത്തത്. തുടര്‍ന്ന് രാത്രിയോടെ കുന്നംകുളത്തെത്തിയ അലി പരിചയക്കാരനായ തൃശൂര്‍ സിറ്റി ഡിഎച്ച് ക്യൂവിലെ സിപിഒ ആയ കെ.യു. സതീഷിനെ ഫോണ്‍ ഏല്‍പ്പിച്ചു.
ഇതിനിടെ വത്സമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ പോലീസ് എസ്എച്ച്ഒ അനീഷ് ജോയിയുടെ നേതൃത്വത്തിലുള്ള സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണിന്റെ ലൊക്കേഷന്‍ കണ്ടെത്തിയെങ്കിലും ഫോണ്‍ ലഭിച്ച കാര്യം രാത്രി തന്നെ സതീഷ് സെന്‍ട്രല്‍ പോലീസിനെ അറിയിച്ചിരുന്നു.
അടുത്ത ദിവസം രാവിലെ ഫോണ്‍ എത്തിക്കാമെന്നും പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ അലി അക്ബറും ഭാര്യയും തന്നെ ഫോണുമായി സ്റ്റേഷനിലെത്തി. പോലീസ് അറിയിച്ച പ്രകാരം വത്സമ്മയും സ്റ്റേഷനില്‍ എത്തിയിരുന്നു. വിലപ്പെട്ട പല രേഖകളും ഫോണില്‍ ഉണ്ടായിരുന്നതായി വത്സമ്മ പറഞ്ഞു.
എസ്എച്ച് ഒ അനീഷ് ജോയി, ജിടി ചാര്‍ജ് എസ്സിപിഒ വിഷ്ണു എന്നിവരുടെ സാന്നിധ്യത്തില്‍ അലി അക്ബര്‍, ഫോണ്‍ വത്സമ്മയ്ക്ക് കൈമാറി. ഇന്നലെ പുലര്‍ച്ചെയോടെ അമേരിക്കയിലേക്ക് മടങ്ങിയ വത്സമ്മ ചെറിയ തുക അലി അക്ബറിന് സമ്മാനമായി നല്കി.