കൊച്ചി കോർപറേഷനിൽ നികുതി അപ്പീല്‍കാര്യ സ്ഥിരംസമിതി അധ്യക്ഷ അവിശ്വാസത്തിൽ പുറത്ത്
1513002
Tuesday, February 11, 2025 4:10 AM IST
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ നികുതി അപ്പീൽകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തു നിന്ന് ബിജെപി അംഗമായ അഡ്വ. പ്രിയ പ്രശാന്ത് പുറത്ത്. അവിശ്വാസ പ്രമേയത്തിലൂടെ കമ്മിറ്റിയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരാണ് പ്രിയ പ്രശാന്തിനെ പുറത്താക്കിയത്. രണ്ടു സിപിഎം അംഗങ്ങള്‍ അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്ത യോഗത്തില്‍ നിന്നും വിട്ടു നിന്നു.
ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയില്‍ അവിശ്വാസ പ്രമേയ നോട്ടീസ് ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ മാലിനി കുറുപ്പ്, ശാന്താ വിജയന്, രജനി മണി, സോണി ജോസഫ്, മിനി വിവേര എന്നിവര്‍ ബിജെപി ചെയര്‍പേഴ്സണെതിരെ വോട്ടു ചെയ്യുകയായിരുന്നു.
ഒമ്പതംഗങ്ങളുള്ള കമ്മിറ്റിയില്‍ അഞ്ചു പേര് വോട്ടു ചെയ്ത് അവിശ്വാസ പ്രമേയം പാസായി. കോണ്‍ഗ്രസ്-അഞ്ച്, സിപിഎം-രണ്ട്, ബിജെപി-രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.