ആലുവ ശിവരാത്രി : പാർക്കിന് പിന്നിൽ പുഴയരികിൽ അപകട സാധ്യതയെന്ന് റിപ്പോർട്ട്
1512980
Tuesday, February 11, 2025 3:52 AM IST
ആലുവ: ശിവരാത്രി നാളിൽ തിരക്ക് നിയന്ത്രിക്കാൻ മണപ്പുറം പാലത്തിലേക്കുള്ള പ്രവേശനം വൺവേയാക്കണമെന്ന പോലീസ് നിർദേശം ഭക്തജനങ്ങളെ ബുദ്ധിമുട്ടിക്കുമെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. ഇവിടെ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തതാണ് ഭക്തക്കർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുഴയോരത്തെ നടപ്പാതയിലെ കൈവരി അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന് പോലീസ് ആലുവ നഗരസഭയോട് ആവശ്യപ്പെട്ടു. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി വി.എസ്. നവാസിന്റെയും എസ്ഐ പ്രശാന്തിന്റെയും നേതൃത്വത്തിലാണ് ഇന്നലെ സ്ഥലം സന്ദർശിച്ച് ഈ ഭാഗത്തെ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തി. പരിശോധനയിൽ നിരവധി അസൗകര്യങ്ങൾ ഈ മേഖലയിൽ കണ്ടെത്തി.
പാർക്കിൽനിന്ന് നടപ്പാതയിലേക്ക് ഇറങ്ങുന്ന പടികളും നടപ്പാതയിലെ ഇരുമ്പ് പൈപ്പുകളുടെ കൈവരികളും തകരാറിലായതിനാൽ വൺവേ സമ്പ്രദായം ഒഴിവാക്കണമെന്നാണ് ആലുവ നഗരസഭ ആവശ്യപ്പെടുന്നത്. ഇത് തിരക്ക് അനുസരിച്ച് നടപ്പിലാക്കാനെ കഴിയൂ എന്നാണ് ജില്ലാ പോലീസ് മേധാവി പറയുന്നത്.
കൊട്ടാരക്കടവ് വഴി തന്നെ ഇരുവശത്തേക്കും പ്രവേശിപ്പിക്കാമെന്നും എന്നാൽ അടിയന്തര സാഹചര്യത്തിൽ പാർക്ക് വഴിയും കടത്തിവിടേണ്ടി വരാം. അതിനാൽ കൈവരികൾ നന്നാക്കി തരാൻ ആലുവ നഗരസഭയോട് പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ന് സംയുക്ത പരിശോധന നടത്തി വേണ്ട ക്രമീകരണം ഒരുക്കുമെന്ന് ചെയർമാൻ അറിയിച്ചു.