പടിഞ്ഞാറൻ കൊച്ചിയിൽ കുടിവെള്ളക്ഷാമം : ഉപരോധ സമരം നടത്തി, വെള്ളമെത്തിക്കാമെന്ന് ഉദ്യോഗസ്ഥർ
1512979
Tuesday, February 11, 2025 3:52 AM IST
കൊച്ചി: രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പടിഞ്ഞാറൻ കൊച്ചിയിലേക്ക് കൂടുതൽ വെള്ളം എത്തിക്കാമെന്ന് ജല അഥോറിറ്റിയുടെ ഉറപ്പ്. ഉപരോധത്തിനായി എത്തിയ കോൺഗ്രസ് പ്രവർത്തകരോടും നാട്ടുകാരോടുമാണ് എറണാകുളം ജല അഥോറിറ്റി ചീഫ് എൻജിനീയർ വി.കെ. പ്രദീപ് ഉറപ്പ് നൽകിയിരിക്കുന്നത്.
തോപ്പുംപടി, പള്ളുരുത്തി, ഇടക്കൊച്ചി മേഖകളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിട്ടതിനെ തുടർന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഉപരോധ സമരവുമായി എത്തിയത്. ഇതിനെ ജല അഥോറിറ്റി ചീഫ് എൻജിനീയറുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് പടിഞ്ഞാറൻ കൊച്ചി മേഖലയിലേക്ക് കൂടുതൽ വെള്ളം എത്തിക്കാമെന്ന് ഉറപ്പ് നൽകിയത്.
പള്ളുരുത്തി മേഖലയിൽ നിർത്തിവച്ചിരുന്ന ഉച്ചയ്ക്കുള്ള പമ്പിംഗ് ഉടൻ തുടങ്ങാമെന്നും മറ്റ് മേഖലയിലേക്ക് വെള്ളം കൂടുതൽ എത്തിക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്താമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.