മണപ്പുറം നടപ്പാലത്തിൽ തന്പടിച്ച് ഭിക്ഷാടകരും വളർത്തുമൃഗങ്ങളും
1512685
Monday, February 10, 2025 3:55 AM IST
ആലുവ: ശിവരാത്രി അടുത്തിട്ടും പെരിയാറിന് കുറുകെയുളള മണപ്പുറം നടപ്പാലം വളർത്തുമൃഗങ്ങളും ഭിക്ഷാടകരും കൈയടക്കിയിരിക്കുന്നതായി ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും പരാതി. എന്നാൽ ഇതിൽ നടപടി എടുക്കേണ്ടതാരെന്നത് സംബന്ധിച്ച് ഇതിയും തീരുമാനമാകാത്ത അവസ്ഥയിലാണ് ദേവസ്വം ബോർഡും ആലുവ നഗരസഭയും.
ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ ഭക്തർക്ക് എളുപ്പത്തിൽ എത്തിച്ചേരാനായി നിർമിച്ച നടപ്പാലത്തിൽ രാവും പകലും ഭിക്ഷക്കാരും ആടുകളും കന്നുകാലികളുമാണ്. വളർത്തുമൃഗങ്ങളുടെ വിസർജ്യങ്ങൾ പാലത്തിൽ ഉടനീളം കിടക്കുകയാണ്. ഭിക്ഷാടകരുടെ വസ്ത്രക്കെട്ടുകളും അവർ കഴുകിവിരിച്ച തുണികളും പാലത്തിന്റെ കൈവരികളിലും കാണാം. പകൽ സമയം കമിതാക്കളും നേരം ഇരുട്ടിയാൽ സാമൂഹ്യ വിരുദ്ധരും പാലം കൈയടക്കുന്നതായാണ് പ്രധാന ആക്ഷേപങ്ങളിലൊന്ന്.
ഇത് സംബന്ധിച്ച് ദേവസ്വം ബോർഡ് ഓഫീസിൽ പരാതിപ്പെട്ടപ്പോൾ മുനിസിപ്പാലിറ്റിയിൽ അറിയിക്കാനും, മുനിസിപ്പാലിറ്റിയിൽ പരാതിയുമായി ചെന്നപ്പോൾ ദേവസ്വം ബോർഡ് ഓഫീസിൽ പറയാൻ പറഞ്ഞുവെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു.
ശിവരാത്രി സീസണിൽ നടപ്പാലത്തിൽ പരസ്യബോർഡുകൾ സ്ഥാപിക്കാൻ നഗരസഭയും കൊടികൾ സ്ഥാപിക്കാൻ നിരവധി സംഘടനകളും എത്താറുണ്ടെങ്കിലും നടപ്പാലം വൃത്തിയായി സൂക്ഷിക്കാൻ ഇവരാരും താത്പര്യമെടുക്കുന്നില്ലെന്നാണ് ആക്ഷേപം.