ഭീതിയും ദുരിതവും വിതച്ച് വന്യജീവികൾ കാടിറങ്ങുന്നു
1513000
Tuesday, February 11, 2025 4:09 AM IST
ജിജു കോതമംഗലം
കോതമംഗലം: ചെറിയ ഇടവേളയ്ക്കുശേഷം, വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങി ദുരിതം വിതയ്ക്കുന്നു. വേനൽ കടുത്തതും ഉൾവനത്തിൽ ഭക്ഷണവും വെള്ളവും കുറഞ്ഞതും ഒപ്പം മൃഗങ്ങളുടെ കാടിറക്കം തടയാൻ അധികൃതർ ഫലപ്രദമായ നടപടികളെടുക്കാത്തതുമാണ് വന്യമൃഗശല്യം തീരാദുരിതമാകുന്നതിനു കാരണം.
കോതമംഗലം പിണ്ടിമനയിൽ ഇന്നലെയും കടുവയുടെ സാന്നിധ്യമുണ്ടായി. വന്യമൃഗശല്യം രൂക്ഷമായ അയ്യന്പുഴ പ്ലാന്റേഷനിൽ ഇന്നലെ കാട്ടാനയുടെ ആക്രമണത്തിൽ റബർ ടാപ്പിംഗ് തൊഴിലാളിയ്ക്കു പരിക്കേറ്റു. കാടിറങ്ങുന്ന ആനകളെയും മറ്റു വന്യജീവികളെയും നിയന്ത്രിക്കാൻ അധികൃതർ ഫലപ്രദമായൊന്നും ചെയ്യാത്തതിൽ പൊറുതിമുട്ടിയിരിക്കുകയാണ് വനാതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾ.
കോതമംഗലം താലൂക്കിന്റെ വനാതിർത്തി ഗ്രാമങ്ങളിൽ അടുത്ത നാളുകളിൽ വന്യമൃഗ സാന്നിധ്യവും ആക്രമണങ്ങളും വർധിച്ചു. ഇത്തരം ആക്രമണങ്ങളിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ നാലു പേർക്കാണു ജീവൻ നഷ്ടമായത്. വന്യജീവികളുടെ ആക്രമണത്തിൽ ഗുരുതര പരിക്കുകളേറ്റു പൂർണ ആരോഗ്യം വീണ്ടെടുക്കാനാവാതെ നിരവധി പേർ ഇപ്പോഴും ചികിത്സയിൽ കഴിയുന്നുണ്ട്. കൃഷിനാശം സംഭവിച്ചതിന്റെ സങ്കടക്കണക്കുകളും പ്രദേശവാസികൾ നിരത്തുന്നു.
ഇതൊക്കെയായിട്ടും അധികൃതരുടെയും ജനപ്രതിനിധികളുടെയും നിസംഗതയ്ക്കെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിട്ടും സ്ഥിതിയിൽ മാറ്റമില്ല. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ആശ്വാസവുമായി രംഗത്തിറങ്ങുന്നവർ, തുടർന്നു തിരിഞ്ഞു നോക്കുന്നില്ലെന്നും കാര്യക്ഷമമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നില്ലെന്നുമാണു പരാതി.
കോട്ടപ്പടി മുതൽ കവളങ്ങാട് വരെ!
കോട്ടപ്പടി, പിണ്ടിമന, കീരംപാറ, കുട്ടമ്പുഴ, കവളങ്ങാട് പഞ്ചായത്തുകളിലെ വനാതിർത്തി ഗ്രാമങ്ങളിലാണ് വന്യമൃഗ ഭീഷണി അധികമായുള്ളത്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഈ മേഖലയിലെല്ലാം കാട്ടാനക്കൂട്ടവും കടവയും ഉൾപ്പെടെയുള്ള മൃഗങ്ങളുടെ വിഹാരം വർധിച്ചിരിക്കുകയാണെന്നു പ്രദേശവാസികൾ പറയുന്നു.
വനത്തിനുള്ളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റേയും ലഭ്യതകുറവാകാം, മൃഗങ്ങൾ ജനവാസ മേലെയിലേക്ക് ഇറങ്ങാൻ ഇടയാക്കിയിട്ടുള്ളത്. നാട്ടിലെ കൃഷിയിടങ്ങളിലിറങ്ങി തീറ്റയും വെള്ളവും കണ്ടെത്തിയാൽ ആ പ്രദേശം ഉഴുതുമറിക്കുംവരെ ആനകൾ എത്തും. ചക്കയുടെ സീസൺ ആയതും ആനകളെ ആകർഷിക്കാൻ ഇടയായിട്ടുണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
കുടുക്കാനാവാതെ കടുവ !
പിണ്ടിമന കുളങ്ങാട്ടുകുഴി പ്ലാന്റേഷനിൽ ജനവാസ മേഖലയ്ക്കു സമീപം കടുവാ സാന്നിധ്യം സ്ഥിരീകരിച്ച് അഞ്ച് ദിവസത്തോളം പിന്നിട്ടിട്ടും കൂടോ മയക്കുവെടിയോ വച്ചു പിടികൂടാൻ നടപടിയുണ്ടാകാത്തതിൽ നാട്ടുകാർ ആശങ്കാകുലരാണ്.
പ്ലാന്റേഷനിൽ മേയാൻ വിട്ട കുഴിമാടക്കാലായിൽ ചാക്കോയുടെ പശുവിനെ കഴിഞ്ഞ വെള്ളിയാഴ്ച പകൽ കടുവ കൊന്നു. വനം വകുപ്പ് സ്ഥാപിച്ച നിരിക്ഷണ കാമറയിൽ പശുവിന്റെ ജഡാവശിഷ്ടവും തിന്നാനെത്തിയ കടുവയുടെ ചിത്രവും പല ദിവസം പതിഞ്ഞു. കുളങ്ങാട്ടുകുഴിയിൽ ജനവാസ മേഖലയ്ക്ക് ചേർന്ന് കടുവയുള്ളതായി ശനിയാഴ്ച തന്നെ സ്ഥിരീകരിച്ചതുമാണ്. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും കടുവയെ പിടികൂടാനോ തുടർനടപടികൾക്കോ വനം വകുപ്പ് നടപടിയെടുത്തിട്ടില്ല.
കാട്ടുപന്നികൾ മനുഷ്യനു നേരെ
കീരംപാറ പുന്നേക്കാട് - തട്ടേക്കാട് റോഡില്‍ മാവിൻ ചോട് ഭാഗത്ത് കാട്ടുപന്നി വട്ടംചാടി ബൈക്കില്‍ ഇടിച്ച് പുന്നേക്കാട് കളപ്പാറ ചൂരക്കോടന്‍ അഖില്‍ രാജപ്പന് (29) കഴിഞ്ഞ ശനിയാഴ്ച രാത്രിയാണു പരിക്കേറ്റത്. അഖിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ ചികിത്സയിലാണ്.
വയറിംഗ് പണിക്കാരനായ ഇദ്ദേഹം കോതമംഗലത്ത്നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് ബൈക്കില്‍ കാട്ടുപന്നി ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണാണ് അഖിലിനു പരിക്കേറ്റത്. വലത് കൈപ്പത്തി ഒടിവും ദേഹാമാസകലം ചതവും പറ്റിയിട്ടുണ്ട്. കൈയ്ക്കു ശസ്ത്രക്രിയയും വേണ്ടിവന്നു. ഈ റോഡില്‍ സമാനമായ ചെറുതും വലുതുമായ അപകടങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്.
അതേസമയം അഖിലിന്റെ ആശുപത്രിചെലവ് പൂർണമായും വനം വകുപ്പ് വഹിക്കുമെന്ന് ആശുപത്രിയിലെത്തിയ കോതമംഗലം ഡിഎഫ്ഒ പി.യു.സാജു അറിയിച്ചു.
കോതമംഗലം താലൂക്കിലെ ആറ് പഞ്ചായത്തുകളിലും വനാതിർത്തി ഗ്രാമങ്ങളിലെ കൃഷിയിടങ്ങളിൽ കാട്ടുപന്നിയുടെ സ്ഥിരസാന്നിധ്യമുണ്ട്. ഇവയുടെ ശല്യം കർഷകരെയാണ് ദുരിതത്തിലാക്കുന്നത്.
പൈങ്ങോട്ടൂരും പിണ്ടിമനയും ഭീതിയിൽ
പൈങ്ങോട്ടൂർ പഞ്ചായത്തിലെ ചാത്തമറ്റത്തും കടവൂരും കഴിഞ്ഞ ദിവസങ്ങളിൽ പുലി റോഡ് മുറിച്ച് കടന്നതായി അഭ്യൂഹം പരന്നിരുന്നു. നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും സ്ഥിരീകരണമുണ്ടായില്ല.
കാട്ടാന, കടുവ എന്നിവയുടെ ശല്യം വര്‍ധിക്കുന്നതില്‍ നാട്ടുകാർ കടുത്ത ആശങ്കയിലാണ്. ഇനിയും ദുരന്തങ്ങളാവർത്തിക്കാതെ വന്യമ്യഗങ്ങളെ വനത്തിനുള്ളിൽ തന്നെ സംരക്ഷിക്കാനുള്ള നടപടിയുണ്ടാകണം.
പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ,കുളങ്ങാട്ടുകുഴി, മാലിപ്പാറ എന്നിവിടങ്ങളിൽ ദിവസങ്ങൾക്കു മുന്‍പാണ് കാട്ടാനക്കൂട്ടമിറങ്ങി നാശനഷ്ടമുണ്ടാക്കിയത്.
ഒട്ടേറെ കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. മാലിപ്പാറ കുരിശുമലയിലെ വാട്ടര്‍ അഥോറിറ്റിയുടെ കുടിവെള്ള ടാങ്കിന് സമീപത്തും ആനകളെത്തി വർഷങ്ങൾ പഴക്കമുള്ള തെങ്ങ് കുത്തിമറിച്ചും വാഴക്കൃഷി നശിപ്പിച്ചുമാണ് കാട്ടാനക്കൂട്ടം കടന്നുപോയത്.
അയ്യമ്പുഴ പ്ലാന്റേഷനിലെ കല്ലാല എസ്റ്റേറ്റ് ഡിവിഷനിലിൽ ഏതാനും ആഴ്ച മുന്‍പ്, രാത്രിയിറങ്ങിയ കാട്ടാനകൂട്ടം ടാപ്പിംഗ് തൊഴിലാളികൾ ഉപയോഗിക്കുന്ന പാൽപ്പുര നശിപ്പിച്ചു. അലമാരയുടെ വാതിൽ തകർത്ത് അകത്ത് സൂക്ഷിച്ചിരുന്ന ബക്കറ്റ് ഉൾപ്പെടെയുള്ള ടാപ്പിംഗ് ഉപകരണങ്ങക്ക് കേടുപാടുകൾ വരുത്തി. പാൽപ്പുരയിൽ ഉണ്ടായിരുന്ന ത്രാസ് ആന റോഡിലേക്ക് വലിച്ചെറിഞ്ഞു.
കടുവയുടെ അലർച്ച ഇന്നലെയും !
കുളങ്ങാട്ടുകുഴിയില്‍ പശുവിനെ കൊന്ന കടുവ ഇപ്പോഴും ജനവാസമേഖലയോട് ചേര്‍ന്ന ഭാഗങ്ങളില്തന്നെ തുടരുകയാണെന്ന വിവരമാണ് പുറത്തുവരുന്നത്. ഇന്നലെ രാവിലെ വടക്കുംഭാഗം പുന്നക്കാപ്പിള്ളി ഭാഗത്ത് കടുവയുടെ അലര്‍ച്ച കേട്ടിരുന്നതായി നാട്ടുകാർ പറഞ്ഞു.
ടാപ്പിംഗ് തൊഴിലാളിയാണ് കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. കുളങ്ങാട്ടുകുഴിയില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെയാണ് പുന്നക്കാപ്പിള്ളി. വനാതിര്‍ത്തികളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് അധികാരികളുടെ അഭ്യര്‍ഥന.
വനംവകുപ്പിന്റെ പ്രത്യേക സംഘം സാഹചര്യം നിരീക്ഷിച്ചുവരികയാണ്. സ്വാഭാവികമായ ഇരതേടലിന് പ്രാപ്തിയുള്ള ആരോഗ്യമുള്ള കടുവയാണ് ഇവിടെയുള്ളതെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. അതിനാല്‍തന്നെ കടുവ വനത്തിന് പുറത്തേക്ക് കടക്കാനുള്ള സാധ്യത വിരളമാണെന്നാണ് വനപാലകരുടെ വിലയിരുത്തൽ.