ചങ്ങനാശേരി നഗരസഭയിൽ പ്രളയ മോക്ഡ്രിൽ സംഘടിപ്പിച്ചു
1539904
Saturday, April 5, 2025 7:26 AM IST
കോട്ടയം: പ്രളയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയും ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയും കിലയും സംയുക്തമായി ചങ്ങനാശേരി നഗരസഭയിൽ മോക്ഡ്രിൽ സംഘടിപ്പിച്ചു. നഗരസഭയിലെ ബോട്ട് ജെട്ടിയുടെ സമീപ പ്രദേശങ്ങളായ 31, 32 വാർഡുകളിലാണ് മോക്ഡ്രിൽ പരിശീലനം നടത്തിയത്.
ജില്ലയിലെ ചങ്ങനാശേരി നഗരസഭ, കുറിച്ചി, വാഴപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, മാടപ്പള്ളി, വാകത്താനം, കറുകച്ചാൽ, വാഴൂർ, വെള്ളാവൂർ പഞ്ചായത്തുകൾ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്. പോലീസ്, അഗ്നിരക്ഷാസേന, ആരോഗ്യം, മോട്ടോർ വാഹനവകുപ്പ്, കെഎസ്ഇബി, കെഎസ്ആർടിസി എന്നീ വകുപ്പുകളുടെ ഏകോപനത്തോടെയാണ് മോക്ഡ്രിൽ നടന്നത്.
ചങ്ങനാശേരി എസ്എച്ച്ഒ ബി. വിനോദ് കുമാർ ഓൺസൈറ്റ് ഇൻസിഡന്റ് കമാൻഡറായി പ്രവർത്തിച്ചു. അവലോകനയോഗത്തിൽ ചങ്ങനാശേരി നഗരസഭാ വൈസ് ചെയർപേഴ്സൺ മാത്യൂസ് ജോർജ്, തഹസിൽദാർ പി.ഡി. സുരേഷ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനൂപ് രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.