ക്ലോത്ത് ബാങ്കുമായി സ്വരുമ പാലിയേറ്റീവ്
1539894
Saturday, April 5, 2025 7:18 AM IST
കുറവിലങ്ങാട്: ഈസ്റ്റർ, വിഷു ആഘോഷങ്ങൾക്ക് നിറംപകരാൻ ക്ലോത്ത് ബാങ്കുമായി സ്വരുമ പാലിയേറ്റീവ് കെയർ. നിർധനരും നിരാലംബരുമായവർക്ക് ആഘോഷവേളയിൽ പുതുവസ്ത്രം സമ്മാനിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്ലോത്ത് ബാങ്കിന് തുടക്കമിടുന്നത്. കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, ഉഴവൂർ പഞ്ചായത്ത് പ്രദേശത്ത് സ്വരുമ പാലിയേറ്റീവ് കെയർ സാന്ത്വന പരിചരണം നൽകുന്ന കുടുംബങ്ങൾക്കാണ് വസ്ത്രങ്ങൾ സമ്മാനിക്കാൻ ലക്ഷ്യമിടുന്നത്.
എല്ലാ ദിവസങ്ങളിലും പള്ളിക്കവലയിലെ മുത്തിയമ്മ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന സ്വരുമ പാലിയേറ്റീവ് കെയറിന്റെ ഓഫീസിലെ ബോക്സിൽ തുണിത്തരങ്ങൾ നിക്ഷേപിക്കാം. ഓഫീസിലോ സ്വരുമ വോളണ്ടിയർമാരെയോ അറിയിച്ചാൽ നേരിട്ടെത്തി പുതുവസ്ത്രങ്ങൾ ശേഖരിക്കും. അർഹരായവർക്ക് ഓഫീസിൽ ലഭിക്കുന്ന വസ്ത്രങ്ങൾ നേരിട്ടെത്തി വാങ്ങാം. ഫോൺ: 830 100 8361.