കാഞ്ഞിരപ്പള്ളി രൂപതയില്‍ ലഹരിക്കെതിരേ പ്രതിജ്ഞ
1539655
Friday, April 4, 2025 11:51 PM IST
കാഞ്ഞിരപ്പള്ളി: രൂപതയില്‍ വിശ്വാസജീവിത പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കാല്‍ലക്ഷത്തോളം വരുന്ന കുഞ്ഞുങ്ങളും വൈദികരും സമര്‍പ്പിതരും വിശ്വാസജീവിതപരിശീലകരും മയക്കുമരുന്ന്, മദ്യം തുടങ്ങിയ സാമൂഹികവിപത്തുകള്ക്കെതിരേ ഉത്ഥാനോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് അണിനിരന്നു.
എല്ലാ ഇടവകകളിലും ഇത്തരം വിപത്തുകള്തിരേ ക്രിയാത്മകമായി ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതിന് മുന്നോടിയായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ലഹരിക്കെതിരേയുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുരുന്നുമനസുകളില്‍ നന്മയുടെ പാഠങ്ങള്‍ നിറയ്ക്കാനും സനാതന മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് ജീവിക്കുവാന്‍ പ്രചോദനമേകുന്ന ഈ സത്കര്മത്തില് ഒന്നിച്ച് മുന്നേറാനും സാമൂഹികവിപത്തിനെതിരേ കരങ്ങള്‍കോര്‍ത്ത് നല്ല നാളേക്കായി ഉണര്‍ന്നു പ്രവര്‍ത്തിക്കാനും മാര്‍ ജോസ് പുളിക്കല്‍ ഏവരെയും ആഹ്വാനം ചെയ്തു.
കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ബോധവത്ക്കരണം നല്കുന്നതിനുപകരിക്കുന്ന ക്ലാസുകളും റാലികളും കത്തീഡ്രലിലും രൂപതയിലെ മറ്റ് എല്ലാ ഇടവകകളിലും സംഘടിപ്പിച്ചു.
രൂപത വികാരി ജനറാള്‍ റവ.ഡോ. ജോസഫ് വെള്ളമറ്റം, ചാന്‍സിലര്‍ റവ.ഡോ. മാത്യു ശൗര്യാംകുഴി, വിശ്വാസജീവിത പരിശീലനകേന്ദ്രം ഡയറക്ടര്‍ ഫാ. തോമസ് വാളന്മനാല്, കത്തീഡ്രല്‍ ആര്‍ച്ച് പ്രീസ്റ്റ് റവ.ഡോ. കുര്യന് താമരശേരി, ഫാ. ജേക്കബ് ചാത്തനാട്ട്, ഫാ. ജോസഫ് ആലപ്പാട്ട്കുന്നേല്‍, ഫാ. തോമസ് മുളങ്ങാശേരി എന്നിവര്‍ പങ്കെടുത്തു.