ഇറാസ്മസ് + സ്കോളര്‍ഷിപ്പ് ഇന്ത്യയില്‍ രണ്ടുപേർക്ക്; ഒരാള്‍ എസ്ബി കോളജ് വിദ്യാര്‍ഥിനി
1539899
Saturday, April 5, 2025 7:26 AM IST
ചങ്ങനാശേരി: ഇന്ത്യയില്‍ ഇറാസ്മസ് + സ്കോളര്‍ഷിപ്പ് നേടിയ രണ്ടുപേരില്‍ ഒരാള്‍ എസ്ബി കോളജിലെ വിദ്യാര്‍ഥിനി. കോളജിലെ മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി വിഭാഗത്തില്‍ 2021- 2024 ബിഎസ്സി സുവോളജി, ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി ബാച്ചിലെ പൂര്വവിദ്യാര്ഥിനിയായ ജ്യോതിക ജയിംസ് ആണ്് വാക്സിനോളജിയില്‍ ഇറാസ്മസ് മുണ്ടസ് ജോയിന്റ് മാസ്റ്റേഴ്സിനുള്ള ഇറാസ്മസ്+ സ്കോളര്‍ഷിപ്പ് നേടിയത്.
ഇറാസ്മസ്+ സ്കോളര്‍ഷിപ്പ് സ്വന്തമാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒന്നിലധികം യൂറോപ്യന്‍ സര്‍വകലാശാലകളില്‍ പഠിക്കാനുള്ള അവസരം ലഭിക്കും. വളരെയേറെ പ്രത്യേകതകളുള്ള ഈ അന്താരാഷ്ട്ര പ്രോഗ്രാമിലേക്ക് ഇന്ത്യയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളാണ് ജ്യോതിക.
വാക്സിനോളജിയില്‍ ഇറാസ്മസ്+ന്റെ ഭാഗമായി ജ്യോതിക ആദ്യ സെമസ്റ്റര്‍ സ്പെയിനിലെ ബാഴ്സലോണയില്‍ ആരംഭിക്കും. യൂണിവേഴ്സിറ്റി ഓട്ടോണമ ഡി ബാഴ്സലോണ, യൂണിവേഴ്സിറ്റി ഡി ബാഴ്സലോണ (ബി) എന്നിവിടങ്ങളിലും പഠിക്കും.
രണ്ടാം സെമസ്റ്റര്‍ ബെല്‍ജിയത്തിലെ ആന്റെവെര്പെന് യൂണിവേഴ്സിറ്റിയിലും തുടര്‍ന്ന് ഫ്രാന്‍സിലെ യൂണിവേഴ്സിറ്റി ജീന്‍ മോണറ്റ്, യൂണിവേഴ്സിറ്റി ക്ലോഡ് ബെര്‍ണാഡ് ലിയോണ്‍ 1 (യുസിബിഎല്) എന്നിവിടങ്ങളിൽ മൂന്നാം സെമസ്റ്ററും പഠിക്കും.
അവസാന സെമസ്റ്റര്‍ ഒരു ഗവേഷണ ഇന്റേണ്ഷിപ്പായിരിക്കും. ഇതു ലോകത്തിൽ എവിടെ വേണമെങ്കിലും ചെയ്യുന്നതിനുള്ള അവസരമുണ്ട്. സെന്റ് ബെര്‍ക്ക്മാന്‍സ് കോളജിന് അഭിമാനകരമായ ഈ നേട്ടം വിദ്യാര്‍ഥികളുടെ ആഗോള അക്കാദമിക മികവുകളെ എടുത്തുകാണിക്കുന്നതാണ്.