പദ്ധതി നിര്‍വഹണത്തിലെ വീഴ്ച : പനച്ചിക്കാട് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ച് എല്‍ഡിഎഫ്
1539592
Friday, April 4, 2025 7:03 AM IST
പനച്ചിക്കാട്: പദ്ധതി നിര്‍വഹണത്തില്‍ ജില്ലയില്‍ ഏറ്റവും പിന്നിലായ പനച്ചിക്കാട് പഞ്ചായത്ത് ഉപരോധിച്ച് എല്‍ഡിഎഫ്. ഇന്നലെ രാവിലെ ഏഴിന് ആരംഭിച്ച ഉപരോധ സമരം സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്കിയ ഫണ്ടില്‍ 25 കോടിയോളം രൂപ പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ മൂലം നഷ്ടമായിരുന്നു.
പഞ്ചായത്തിലെ എല്ലാ ഗ്രാമീണ റോഡുകളും തകര്‍ന്നു സഞ്ചാരയോഗ്യമല്ലാതായ സ്ഥിതിയില്‍ പോലും റോഡ് വികസനത്തിന് അനുവദിച്ച 70 ശതമാനത്തോളം തുക നഷ്ടപ്പെടുത്തി. ജല്‍ജീവന്‍ മിഷന് പദ്ധതിയുടെ കരാറുകാരനുമായി എഗ്രിമെന്റ് വച്ചപ്പോള്‍ ആവശ്യമായ തുക ഡെപ്പോസിറ്റ് വാങ്ങാതിരുന്നതു മൂലം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി.
ജനങ്ങള്‍ക്കു ലഭിക്കേണ്ട നിരവധി ആനുകൂല്യങ്ങള്‍ യുഡിഎഫ് പഞ്ചായത്തംഗങ്ങള്‍ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും തട്ടിയെടുത്തു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് അങ്കണവാടികളിലെ ഒഴിവു കളിൽ താത്കാലിക ജോലി നോക്കുന്നവര്‍ക്ക് നിയമനം നല്കേണ്ടതിനു പകരം ഇതും പഞ്ചായത്തംഗങ്ങളും ബന്ധുക്കളും ചേര്‍ന്ന് സ്വന്തമാക്കുകയാണ് ചെയ്തത്. ലൈഫ് ഭവനപദ്ധതിയില്‍ വീട് നല്‍കുന്നതിന് അറുനൂറിലേറെ അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്.
ഇത്തരത്തില്‍ അഴിമതിയിലും സ്വജന പക്ഷപാതത്തിലും മുങ്ങിക്കുളിച്ച ഭരണസമിതിക്കെതിരേ നടത്തിയ ഉപരോധ സമരത്തില്‍ നൂറുകണക്കിന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പങ്കാളികളായി.
പഞ്ചായത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ ജി. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ കമ്മറ്റിയംഗം എം.കെ. പ്രഭാകരന്, എന്‍സിപിഎസ് സംസ്ഥാന നിര്‍വാഹക സമിതി അംഗം സാബു മുരിക്കവേലി, കേരളകോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയംഗം ഐസക് പ്ലാപ്പള്ളിയില്‍, എല്‍ഡിഎഫ് നേതാക്കളായ അഡ്വ. സന്തോഷ് കേശവനാഥ്, കെ. എന്‍. വിശ്വനാഥന്, കെ.ജെ. അനില്‍കുമാര്‍, പി.സി. ബെഞ്ചമിന്‍, ഇ.ആര്. സുനില്‍കുമാര്‍, അഡ്വ. ജോസ് ചെങ്ങഴത്ത്, പി.കെ. മോഹനന്, എ.കെ. സജി, ഷാജി പി. ഉതുപ്പ്, ശാലിനി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.