വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയിലൂടെ പാവങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച പി.എസ്. മാത്യുസാര്‍ യാത്രയായി
1539901
Saturday, April 5, 2025 7:26 AM IST
ചങ്ങനാശേരി: സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയിലൂടെ നിരവധി പേർക്ക് സഹായം എത്തിച്ചുനല്‍കിയ റിട്ടയേർഡ് ഹെഡ്മാസ്റ്റര് പി.എസ്. മാത്യു പൊരിയത്ത് (94) യാത്രയായി.
1963ല്‍ മെത്രാപ്പോലീത്തന്‍ പള്ളിയില്‍ സൊസൈറ്റിയുടെ മെംബറായി തുടക്കം കുറിച്ച പി.എസ്. മാത്യു ചങ്ങനാശേരിയുടെ വിവിധ ഭാഗങ്ങളിൽ ആർച്ച്ബിഷപ് മാര്‍ മാത്യു കാവുകാട്ടിന്റെ അനുഗ്രഹാശിസുകളോടെ പ്രവര്‍ത്തിച്ചു.
ചങ്ങനാശേരി അതിരൂപതയുടെ ഭാഗമായ കാഞ്ഞിരപ്പള്ളി, തക്കല എന്നിവിടങ്ങളും വിജയപുരം രൂപതയും ഉള്‍പ്പെട്ട സെന്റ് വിന്‍സെന്റ് ഡി പോൾ സൊസൈറ്റിയുടെ സെൻട്രല്‍ കൗണ്‍സില്‍ പ്രസിഡന്റായി 13 വര്‍ഷക്കാലം ഇദ്ദേഹം സേവനമനുഷ്ഠിച്ചു.
യൂണിറ്റ് പ്രസിഡന്റ്, പി.സി. പ്രസിഡന്റ് എന്നീ നിലകളിലും നെടുകുന്നം സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് ഹൈസ്കൂള്‍, എസ്ബി ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായും, ഹെഡ്മാസ്റ്ററായും പ്രവര്‍ത്തിച്ച മാത്യുസാർ പാവങ്ങള്‍ക്കുവേണ്ടിയുള്ള ശുശ്രൂഷകളിലെ മുന്നണിപ്പോരാളിയും വിദ്യാര്‍ഥികളുടെ ഇഷ്ട ഗുരുഭൂതനുമായിരുന്നു.
1963ല്‍ ചങ്ങനാശേരി എസ്ബി ഹൈസ്കൂളില്‍ ആരംഭിച്ച സ്കൂള്‍ ജൂണിയര്‍ കോണ്‍ഫറന്‍സ് ഇന്ത്യയില്‍ ആദ്യത്തേതായിരുന്നു. പിന്നീട് അതിരൂപത മാനേജ്മെന്റിലുള്ള പല സ്കൂളുകളിലും ജൂണിയര്‍ കോണ്‍ഫറന്‍സുകള്‍ സ്ഥാപിതമായി പ്രവര്‍ത്തനം തുടങ്ങി. എസ്ബി, അസംപ്ഷന്‍ കോളജുകളിലും വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റിക്ക് അദ്ദേഹം തുടക്കം കുറിച്ചു.
1975ല്‍ സിംഗപ്പൂരില്‍ നടന്ന രണ്ടാം പാന്‍ ഏഷ്യന്‍ കോണ്‍ഫറന്‍സില്‍ അന്നത്തെ നാഷണല്‍ കൗണ്‍സില്‍ പ്രസിഡന്റ് സില്വേരായുടെ നേതൃത്വത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മൂന്നു പേരില്‍ ഒരാളായിരുന്ന മാത്യുസാർ. 1981 ജൂലൈ 27 മുതല്‍ ഓഗസ്റ്റ് രണ്ടുവരെ സിഡ്നിയില്‍ നടന്ന ഓസ്ട്രേലിയന്‍ സൊസൈറ്റിയുടെ ശതാബ്ദിയാഘോഷങ്ങളിൽ പ്രത്യേക ക്ഷണമനുസരിച്ച് പി.എസ്. മാത്യു, പ്രഫ. പി.ജെ. ദേവസ്യ പടനിലത്തിനൊപ്പം പങ്കെടുത്തു.
മാത്യുസാറിന്റെ സംസ്കാരം തിങ്കള്‍ ഉച്ചകഴിഞ്ഞ് രണ്ടിന് പാറേല്‍ പള്ളിയില്‍ നടക്കും.