പാലാ സെന്റ് ജോസഫ്സ് ഓട്ടോണമസിനു മ്യുലേണ്‍ അവാര്‍ഡ്
1539659
Friday, April 4, 2025 11:51 PM IST
പാലാ: സെന്റ് ജോസഫ്സ് കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജി (ഓട്ടോണമസ് ) സംസ്ഥാനത്തെ മികച്ച നേട്ടം കൈവരിച്ചു. ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനികളുടെ (ജി - ടെക് ) നേതൃത്വത്തില്‍ മ്യുലേണ്‍ ഫൗണ്ടേഷന് നടത്തുന്ന ടാസ്കുകളില് രണ്ട് മില്യണ്‍ കര്‍മ പോയിന്റുകള്‍ എന്ന മികവാണ് പാലാ സെന്റ് ജോസഫ്സ് നേടിയത്.
വിജയികള്‍ക്കുള്ള പ്ലേബട്ടണ്‍ തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ നടന്ന നൈപുണ്യ ശേഷി ഉച്ചകോടി പെര്‍മ്യൂട്ട് 2025ല്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് കോളജ് ഡയറക്ടര്‍ റവ. ഡോ. ജയിംസ് ജോണ്‍ മംഗലത്ത്, പ്രിന്‍സിപ്പല്‍ ഡോ.വി.പി. ദേവസ്യ, കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ എസ്. സര്‍ജു എന്നിവര്‍ ഏറ്റുവാങ്ങി.
ആര്‍ട്ട് ഓഫ് ടീച്ചിംഗ് 3.0 യില്‍ രണ്ടാം സ്ഥാനം കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ജിക്കു തോമസ്, ടോപ്പ് ക്യാംപസ് ലീഡ് ഇനേബ്ലര് അവാര്‍ഡ് അസിസ്റ്റന്റ് പ്രഫസര്‍ എസ്. സര്‍ജു, ടോപ്പ് ക്യാംപസ് ലീഡ് അവാര്‍ഡ് കംപ്യൂട്ടർ സയന്‍സ് എന്‍ജിനിയറിംഗ് മൂന്നാം വര്‍ഷ വിദ്യാർഥി അവീന്ദാസ് എന്നിവര്‍ നേടി.
വിദ്യാര്‍ഥികള്‍ കൂടുതല്‍ സംരംഭകര്‍ ആകുന്നത് കേരളത്തിലാണെന്നും കഴിഞ്ഞ ഒന്‍പത് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് 6200 സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിച്ചതായും അതുവഴി 5800 കോടിയുടെ നിക്ഷേപം ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളുടെ നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കാനും അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള സ്ഥലമായി ഇത്തരം വേദികള്‍ മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു
ഇന്‍ഡസ്ട്രി നല്‍കിയിരിക്കുന്ന വിവിധ ടാസ്കുകള് മറികടന്നാണ് ഈ ചരിത്രനേട്ടം കൈവരിക്കാന്‍ പാലാ സെന്റ് ജോസഫ്സിനു സാധിച്ചത്. മ്യുലേണിന്റെ പ്ലാറ്റുഫോമുകളിലൂടെ ലഭിക്കുന്ന ടാസ്കുകള് വിജയിക്കുന്നതിന് രണ്ട് ലെവലുകള്‍ കടന്നാലാണ് സാധിക്കുക. ഇപ്രകാരം നേടാന്‍ കഴിയുന്ന ഇരുപത് ലക്ഷം കര്മപോയിന്റുകളാണ് സെന്റ് ജോസഫ്സ് മറികടന്നത്.
കര്മപോയിന്റുകള് നേടുന്നതുവഴി വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് എന്നിവ നേടുന്നതിന് സഹായകമാകും. ചരിത്രനേട്ടം കൈവരിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കോളജ് ചെയര്മാന് മോണ്‍. ജോസഫ് തടത്തില്‍ അഭിനന്ദിച്ചു.