കറുകച്ചാല്‍ പോലീസ് സ്റ്റേഷന് പരിധിമാറ്റം : അഭിഭാഷകരുടെ സമരം തുടരുന്നു; എംഎല്‍എ ഇന്ന് ഉപവസിക്കും
1539610
Friday, April 4, 2025 7:12 AM IST
ചങ്ങനാശേരി: കറുകച്ചാല്‍ പോലീസ് സ്റ്റേഷന് ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയുടെ അധികാരപരിധിയില്‍നിന്നു മാറ്റിയതില്‍ പ്രതിഷേധിച്ച് അഭിഭാഷകരും അഭിഭാഷക ക്ലര്‍ക്കുമാരും നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് ജോബ് മൈക്കിള്‍ എംഎല്‍എ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ ഉപവസിക്കും. അഭിഭാഷകരും ക്ലര്‍ക്കുമാരും കോടതി നടപടികളില്‍നിന്നു വിട്ടുനിന്ന് പ്രതിഷേധിക്കും.
കറുകച്ചാല്‍ പോലീസ് സ്റ്റേഷന് ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയുടെ അധികാരപരിധിയില്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് കങ്ങഴ, നെടുംകുന്നം, കറുകച്ചാല്‍ പഞ്ചായത്തുകള്‍ പ്രമേയം പാസാക്കിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റ് കോടതിയുടെ അധികാരപരിധിയിലേക്കാണ് കറുകച്ചാല്‍ പോലീസ് സ്റ്റേഷന് മാറ്റിയത്.
കങ്ങഴ, നെടുംകുന്നം, കറുകച്ചാല്‍ പ്രദേശത്തെ ജനങ്ങളെ കോടതി വ്യവഹാരങ്ങള്‍ക്കായി കാഞ്ഞിരപ്പള്ളിക്കു പോകേണ്ടിവരുന്നത് പ്രതികൂലമായി ബാധിക്കുമെന്നും അധികാരപരിധി മാറ്റിയ നടപടി അശാസ്ത്രീയമാണെന്നും അഭിഭാഷക, അഭിഭാഷക ക്ലാര്‍ക്ക് സംയുക്ത സമരസമിതി ഭാരവാഹികളായ കെ. മാധവന്‍പിള്ള, പി.എ. സുജാത, സി.കെ. ജോസഫ്, കെ.പി. പ്രശാന്ത് എന്നിവര്‍ പറഞ്ഞു.
ചങ്ങനാശേരിയില്‍ അഡീഷണല്‍ മജിസ്ട്രേറ്റ്, കുടുംബ കോടതികള്‍ അനുവദിക്കണം
ചങ്ങനാശേരി: നിയമസാക്ഷരതാ നഗരമായി പ്രഖ്യാപിക്കപ്പെട്ട ചങ്ങനാശേരിയില്‍ കൂടുതല്‍ കോടതികള്‍ അനുവദിക്കണമെന്ന ആവശ്യം ഉയരുന്നു. അഡീഷണല്‍ മജിസ്ട്രേറ്റ് കോടതി വേണമെന്ന ആവശ്യമാണ് പ്രധാനമായി ഉയരുന്നത്. ഇപ്പോള്‍ ചങ്ങനാശേരി, തൃക്കൊടിത്താനം, വാകത്താനം പോലീസ് സ്റ്റേഷനുകളിലെ കേസുകള്‍ കൈകാര്യം ചെയ്യുന്നത് ചങ്ങനാശേരി ഫസ്റ്റ്ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയിലാണ്. ഒരു അഡീഷണല്‍ മജിസ്ട്രേറ്റ് കോടതി വന്നാല്‍ വ്യവഹാരങ്ങള്‍ വേഗത്തിലാകും.
ചങ്ങനാശേരി മുനിസിഫ് കോടതിയില്‍ പത്തുലക്ഷം രൂപ വരെയുള്ള സാമ്പത്തിക കേസുകളെ വിചാരണ ചെയ്യാനാകൂ. ഇതിനു മുകളിലുള്ള കേസുകളുള്ളവര്‍ക്ക് കോട്ടയം സബ്കോടതിയിലേക്കു പോകേണ്ട അവസ്ഥയാണ്. അതിനാല്‍ ചങ്ങനാശേരിയില്‍ ഒരു സബ് കോടതിയും ആവശ്യമാണ്.
കോട്ടയം ജില്ലയുടെ കുടുംബക്കോടതി ഏറ്റുമാനൂരാണ് പ്രവര്‍ത്തിക്കുന്നത്. ഏറ്റുമാനൂരുള്ള നാല്പതു ശതമാനം കേസുകളും ചങ്ങനാശേരി താലൂക്ക് പരിധിയിലുള്ളതാണ്. അതിനാൽ ചങ്ങനാശേരിയില്‍ ഒരു കുടുംബ കോടതി സ്ഥാപിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
ചങ്ങനാശേരിയില്‍ പ്രവര്‍ത്തിക്കുന്ന പോക്സോ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി, അഡീഷണല്‍ ജില്ലാ ആൻഡ് സെഷന്‍സ് കോടതിയാക്കിയാല് അപ്പീലുകളും ഈ കോടതിയില്‍ പരിഗണിക്കാനാകും. നിലവിലുള്ള പോക്സോ കോടതിയിലെ ജഡ്ജിയെക്കൊണ്ട് കൊലക്കേസുകള്‍കൂടി കൈകാര്യം ചെയ്യാനാകുമെന്ന് മുതിര്‍ന്ന അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു.
കറുകച്ചാല്‍ പോലീസ് സ്റ്റേഷനിലെ കേസുകള്‍ കാഞ്ഞിരപ്പള്ളി കോടതിയിലേക്കു പോയതിനു പിന്നാലെ ചിങ്ങവനം പോലീസ് സ്റ്റേഷന് പരിധിയിലെ കേസുകള്‍ കോട്ടയത്ത് സ്ഥാപിതമായ അഡീഷണല്‍ മജിസ്ട്രേറ്റു കോടതിയിലേക്കും മാറ്റാന്‍ നടപടികള്‍ നടക്കുന്നതായാണ് സൂചനകളുള്ളത്. ഇക്കാര്യങ്ങള്‍ ചങ്ങനാശേരിയിലെ അഭിഭാഷകര്‍ക്കും ക്ലർക്കുമാര്‍ക്കും കേസുകള്‍ നഷ്ടപ്പെടാന്‍ കാരണമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.