വന്യമൃഗ ഭീഷണിയില്‍ കാപ്പുന്തല
1539891
Saturday, April 5, 2025 7:18 AM IST
കടുത്തുരുത്തി: വന്യമൃഗ ഭീഷിണിയില്‍ കാപ്പുന്തല ഗ്രാമവും പരിസര പ്രദേശങ്ങളും. കടുക്കാപുലി ഇനത്തില്‍പ്പെട്ട വന്യമൃഗത്തെ കണ്ടതായി നാട്ടുകാര്‍. ജനപ്രതിനിധികള്‍ അറിയിച്ചതിനെ ത്തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി.
ഇന്നലെ രാത്രി 10.45ഓടെ കാപ്പുന്തല മാപ്പിളപ്പറമ്പില്‍ ജോമോന് (27) ആണ് പുലിയെപോലെ തോന്നിക്കുന്ന വന്യമൃഗത്തെ കണ്ടതായി അറിയിച്ചത്. രാത്രിയില്‍ നടക്കാനിറങ്ങിയ ജോമോന് വീട്ടിലേക്കു മടങ്ങുന്ന വഴിക്കാണ് ഫാത്തിമാപുരം പള്ളിക്കു സമീപത്തുവച്ച് വന്യമൃഗത്തെ കണ്ടത്.
തുടര്‍ന്ന് ഇന്നലെ രാവിലെ വാര്‍ഡ് മെംബർ തോമസ് പനയ്ക്കന്‍ വനംവകുപ്പിനെ വിവമരറിയിച്ചു. വനംവകുപ്പിന്റെ കോട്ടയം ഓഫീസില്‍നിന്ന് ഉദ്യോഗസ്ഥരായ കെ.എ. അഭീഷ്, പി.എസ്. ബിനോയിമോന്, വി.ആര്. രഞജിത്ത് എന്നിവര്‍ സ്ഥലത്ത് എത്തി പരിശോധനകള്‍ നടത്തി.
പട്ടിയുടെ ഇനത്തില്‍പ്പെട്ട മൃഗത്തിന്റെ വിരലടയാളങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയതെന്നും ഇതു പുലിയുടെ (പൂച്ച) യുടെ വിഭാഗത്തില്പ്പെട്ടതല്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രണ്ടാഴ്ച മുന്‍പും വന്യമൃഗത്തെ കണ്ടതായി നാട്ടുകാര്‍
കാപ്പുന്തല: രണ്ടാഴ്ച മുമ്പ് വീടിനു സമീപം സമാനരീതിയിലുള്ള വന്യമൃഗത്തെ കണ്ടതായി വിളയംകോട് തോട്ടുകണ്ടത്തില്‍ അഭിലാഷ് (47) പറഞ്ഞു. പുലര്‍ച്ചെ 4.15ന് ജോലിക്കായി ബൈക്കില്‍ പോകുമ്പോഴാണ് മൃഗത്തെ കണ്ടത്.
ജോമോന് പറഞ്ഞ അതേ അടയാളങ്ങള്‍ തന്നെയാണ് അഭിലാഷും പറഞ്ഞത്. കൂടാതെ ബൈക്കിന്റെ വെളിച്ചത്തില്‍ മൃഗത്തിന്റെ തവിട്ടുനിറം വ്യക്തമായി കണ്ടതായും അഭിലാഷ് പറഞ്ഞു.