ബൈബിൾ കൺവെൻഷൻ; ഒരുക്കങ്ങൾ പൂർത്തിയായി
1539354
Friday, April 4, 2025 12:03 AM IST
മുണ്ടക്കയം: സെന്റ് മേരീസ് പള്ളിയിൽ ആറു മുതൽ 10 വരെ നടക്കുന്ന യൂക്കരിസ്റ്റിക്ക് ബൈബിൾ കൺവൻഷന് ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. ടോം ജോസ് പത്രസമ്മേളനത്തിൽ അറിയിച്ചു. കോഴിക്കോട് രൂപത ഹോളി സ്പിരിറ്റ് ടീം ഡയറക്ടർ റവ. ഡോ. അലോഷ്യസ് കുളങ്ങരയാണ് കൺവൻഷൻ നയിക്കുന്നത്. എല്ലാ ദിവസങ്ങളിലും വൈകുന്നേരം അഞ്ചിനാണ് കൺവൻഷൻ നടക്കുന്നത്.
കൺവൻഷന്റെ ക്രമീകരണങ്ങൾക്കായി ചാക്കോ ജോസഫ് കൺവീനറായും സ്മിതാ ബിനോ ജോയിന്റ് കൺവീനറായും സിസ്റ്റർ ഇവറ്റ്, റെജി ചാക്കോ, സി.എ. ജോസഫ്, തോമസ് കീത്തറ, റെമിൻ രാജൻ, സെബാസ്റ്റ്യൻ ചുള്ളിത്തറ, സൂസമ്മ വർഗീസ്, ജാനറ്റ് ജോളി, ജോബിൻ ആന്റണി, ജോസഫ് ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു. വിശാലമായ പന്തലും ശബ്ദശ്രാവ്യ ദൃശ്യ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ബൈബിൾ കൺവൻഷനൊരുക്കമായി കുടുംബ യൂണിറ്റുകളിൽ ജൂബിലി കൂട്ടായ്മകൾ നടന്നുവരുന്നു.
ജൂബിലിയുടെ ആശീർവദിക്കപ്പെട്ട കുരിശും വഹിച്ചു കൊണ്ട് പ്രത്യാശയുടെ സന്ദേശകരെന്ന സന്ദേശം പങ്കുവയ്ക്കുന്ന 20 കൂട്ടായ്മകളാണ് കുടുംബകൂട്ടായ്മകൾ കേന്ദ്രമാക്കി നടത്തുന്നത്. കൺവൻഷന്റെ ഭാഗമായി എട്ടിന് മുണ്ടക്കയം പ്രദേശത്തെ കോൺവെന്റുകളിലെ സിസ്റ്റേഴ്സിനായുള്ള പ്രത്യേക സംഗമം രാവിലെ 10ന് നടക്കും.
ഒന്പതിന് രാവിലെ 10 മുതൽ രോഗികൾക്കുവേണ്ടിയുള്ള പ്രത്യേക പ്രാർഥനയും ഏകദിന ധ്യാനവും വൈകുന്നേരം 4.30ന് ക്രിസ്തുജയന്തി ജൂബിലിയുടെ സമൂഹബലിയും കുരിശിന്റെ തീർഥാടനവും ഉണ്ടായിരിക്കും. കൺവൻഷൻ ദിവസങ്ങളിൽ ദൈവവചന പ്രഭാഷണം, ഗാനശുശ്രൂഷ, സ്പിരിച്വൽ ഗൈഡൻസ്, ആരാധന, സൗഖ്യശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. പത്രസമ്മേളനത്തിൽ ചാക്കോ ജോസഫ്, സിസ്റ്റർ ഇവറ്റ്, റെജി ചാക്കോ, സൂസമ്മ വർഗീസ് എന്നിവരും പങ്കെടുത്തു.