വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളി ശതാബ്ദി ജൂബിലി നിറവിൽ
1539353
Friday, April 4, 2025 12:03 AM IST
കാഞ്ഞിരപ്പള്ളി: വെളിച്ചിയാനി സെന്റ് തോമസ് ഫൊറോനാ പള്ളിയുടെ ശതാബ്ദി ജൂബിലി ആഘോഷങ്ങളുടെ സമാപനം വിവിധപരിപാടികളോടെ ആഘോഷിക്കുമെന്ന് വികാരി ഫാ. ഇമ്മാനുവേൽ മടുക്കക്കുഴി പത്രസമ്മേളനത്തിൽ അറിയിച്ചു.
ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് അഖണ്ഡ ജപമാല നടക്കും. നാളെ വൈകുന്നേരം 5.30ന് പള്ളിയിൽനിന്ന് ആരംഭിക്കുന്ന ദീപശിഖാ പ്രയാണം പാറത്തോട്, ചിറ്റടി, നിർമലാരാം, ചോറ്റി, വെളിച്ചിയാനി എന്നിവിടങ്ങളിലൂടെ രാത്രി ഒന്പതിന് പള്ളിയിൽ എത്തിച്ചേരും. മാതൃ ഇടവകയിലെയും മറ്റ് ഒന്പത് ഇടവകകളിലെയും ഭക്തസംഘടനകൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുന്ന സംഘടനാ ദിനാഘോഷം എട്ടിന് വൈകുന്നേരം നാലിന് വിശുദ്ധ കുർബാനയോടെ ആരംഭിക്കും.
പത്തിന് രാവിലെ 10ന് കരിയർ ആൻഡ് യൂത്ത് സെമിനാർ നടക്കും. വെളിച്ചിയാനിയിലെയും സമീപ ഇടവകകളിലെയും യുവജനങ്ങൾ സെമിനാറിൽ പങ്കെടുക്കും. 12ന് വൈകുന്നേരം നാലിന് നടക്കുന്ന ഉദ്യോഗസ്ഥസംഗമം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ഉദ്ഘാടനം ചെയ്യും.
22ന് നടക്കുന്ന ദമ്പതീസംഗമത്തിൽ വിവാഹത്തിന്റെ 25, 50, 60 ജൂബിലികൾ ആഘോഷിക്കുന്ന ദമ്പതികളെ ആദരിക്കും. വൈകുന്നേരം നാലിനു നടക്കുന്ന സമ്മേളനം രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. മാത്യു ഓലിക്കൽ ഉദ്ഘാടനം ചെയ്യും.
26ന് ഇൻഫാമിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കാർഷികമേളയും ഫുഡ് ഫെസ്റ്റും ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ ഉദ്ഘാടനം ചെയ്യും.
27 മുതൽ മേയ് മൂന്നുവരെ വാർഷിക ധ്യാനം നടക്കും.
വൈദിക സന്യസ്ത സംഗമദിനമായ മേയ് ആറിന് ഇടവകയിൽ സേവനം ചെയ്തവരും ഇവിടെനിന്നു മിഷൻ മേഖലകളിൽ സേവനം ചെയ്യുന്നവരുമായ വൈദികരെയും സന്യാസിനികളെയും ആദരിക്കും. ഏഴു മുതൽ 11 വരെ ഇടവക തിരുനാൾ നടക്കും.
എട്ടിന് നടക്കുന്ന എയ്ഞ്ചൽസ് മീറ്റിൽ ഈ വർഷം വിശുദ്ധ കുർബാന സ്വീകരിച്ച ഫൊറോനയിലെ മുഴുവൻ കുട്ടികളും പങ്കടുക്കും. 10ന് ആഘോഷമായ ജൂബിലി തിരുനാൾ പ്രദക്ഷിണം.
ജൂബിലി ആഘോഷങ്ങളുടെ സമാപനദിനമായ 11ന് നടക്കുന്ന സമ്മേളനത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മന്ത്രി റോഷി അഗസ്റ്റിൻ, ആന്റോ ആന്റണി എംപി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും. യോഗത്തിൽ ഇടവകയിലെ വിശിഷ്ട വ്യക്തികളെ ആദരിക്കും.
പത്രസമ്മേളനത്തിൽ ജനറൽ കൺവീനർ പ്രഫ. സാജു കൊച്ചുവീട്ടിൽ, പബ്ലിസിറ്റി കൺവീനർ വർഗീസ് കൊച്ചുകുന്നേൽ എന്നിവരും പങ്കെടുത്തു.