വലിയമട വാട്ടര്‍ ടൂറിസം പാര്‍ക്ക് ഏഴിന് തുറക്കും
1539591
Friday, April 4, 2025 7:03 AM IST
കോട്ടയം: സായാഹ്നക്കാഴ്ചകള്‍ കണ്ടു ഫ്ളോട്ടിംഗ് പാലത്തിലൂടെ നടത്തം, ശുദ്ധജലം നിറഞ്ഞ ജലാശയത്തിലൂടെ കയാക്കിംഗ്, ചൂടുഭക്ഷണം കഴിച്ചു കുടുംബവും സൗഹൃദങ്ങളുമായി ഇത്തിരിനേരം, പടിഞ്ഞാറന്‍ മേഖലയുടെ സൗന്ദര്യം നുകര്‍ന്ന് ഉല്ലസിക്കാനുള്ള അവസരവുമായി വലിയമട വാട്ടര്‍ പാര്‍ക്ക് ഏഴു മുതല്‍ സന്ദര്‍ശകര്‍ക്കു തുറന്നുകൊടുക്കും.
4.85 കോടി രൂപ മുടക്കിയാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് അയ്മാനം പഞ്ചായത്തില്‍ വലിയമട വാട്ടര്‍ പാര്‍ക്ക് പൂര്‍ത്തീകരിച്ചത്. ഏഴിനു വൈകുന്നേരം 6.30ന് മന്ത്രി വി.എന്‍. വാസവന് പൊതുജനങ്ങള്‍ക്കായി പാര്‍ക്ക് തുറന്നുകൊടുക്കും.
അയ്മനം പഞ്ചായത്തിലെ അഞ്ചര ഏക്കര്‍ വിസ്തൃതിയുള്ള വലിയമട കുളം നവീകരിച്ചാണ് വാട്ടര്‍ ഫ്രണ്ട് ടൂറിസം പദ്ധതി നടപ്പാക്കിയത്. കളര്‍ മ്യൂസിക് വാട്ടര്‍ ഫൗണ്ടന്, ഫ്ളോട്ടിംഗ് റെസ്റ്ററന്റ്, ഫ്ളോട്ടിംഗ് വാക് വേ, പെഡല്‍ ബോട്ടിംഗ്, ഫിഷിംഗ്, കുട്ടികള്‍ക്കുള്ള കളിയിടം, പൂന്തോട്ടം, പക്ഷി നിരീക്ഷണം, മ്യൂസിക് ഷോകള്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. രാത്രി 11 വരെ പാര്‍ക്കില്‍ പ്രവേശനം ഉണ്ടായിരിക്കും.
നഗരത്തിരക്കില്‍നിന്നു മാറി രാത്രിജീവിതം ആസ്വദിക്കാനും പ്രദേശിക രുചിഭേദങ്ങള്‍ നുകരാനും പറ്റിയ ഇടം എന്നനിലയിലാണ് വാട്ടര്‍ ടൂറിസം പാര്‍ക്ക് സവിശേഷമാകുന്നത്. ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ കുമരകത്തിന്റെ സമീപ പ്രദേശമായതിനാല്‍ തദ്ദേശ വിനോദസഞ്ചാരികളെപ്പോലെതന്നെ കുമരകത്ത് എത്തുന്ന വിദേശ സഞ്ചാരികളെയും വലിയമടയിലേക്ക് ആകര്‍ഷിക്കാനാകുമെന്ന് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ സെക്രട്ടറി ആതിര സണ്ണി പറഞ്ഞു.