പുതുപ്പള്ളി പള്ളി പെരുന്നാള്‍ 19 മുതല്‍ മേയ് 11 വരെ
1539879
Saturday, April 5, 2025 7:05 AM IST
പുതുപ്പള്ളി: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ വലിയ പെരുന്നാള്‍ 19 മുതല്‍ മേയ് 11 വരെ ആഘോഷിക്കും. 19നു വൈകുന്നേരം ഉയിര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷകള്‍ക്കും വിശുദ്ധ കുര്‍ബാനയ്ക്കും ശേഷം വലിയപെരുന്നാളിന് ആരംഭം കുറിച്ചു നേര്‍ച്ച ചെമ്പ് നാടകശാലയില്‍ വികാരി അച്ചന്മാരുടെ നേതൃത്വത്തില്‍ സ്ഥാപിക്കും.
20ന് ഉച്ചകഴിഞ്ഞു രണ്ടിന് കൊടിമര ഘോഷയാത്ര മീനടം സെന്റ് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗം എം.സി. വര്‍ഗീസിന്റെ ഭവനത്തില്‍നിന്ന് ആരംഭിച്ചു വിവിധ ദേവാലയങ്ങളുടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പുതുപ്പള്ളി കവലയില്‍ എത്തിച്ചേരും. അവിടെനിന്നു വാദ്യമേളങ്ങളുടെ അകമ്പടിയോടെ പള്ളിയിലേക്ക് സ്വീകരിക്കും. തുടര്‍ന്ന് നിരണം ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസിന്റെ കാര്‍മികത്വത്തില്‍ സന്ധ്യാനമസ്കാരത്തിനുശേഷം പെരുന്നാള്‍ കൊടിയേറ്റ്.
26നു വൈകുന്നേരം 6.30ന് സന്ധ്യാനമസ്കാരം. യാക്കോബായ സുറിയാനി സഭ സുന്നഹദോസ് സെക്രട്ടറിയും ഭദ്രാസനാധിപനുമായ ഡോ. തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിക്കും. തുടര്‍ന്നു വചനപ്രഘോഷണം. എട്ടിനു പൊന്‍, വെള്ളി കുരിശുകളുമേന്തി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷമായ പുതുപ്പള്ളി കവല ചുറ്റിയുള്ള റാസ.
27നു പ്രധാന പെരുന്നാള്‍ ദിനത്തില്‍ വിശുദ്ധ അഞ്ചിന്മേല് കുര്‍ബാനക്ക് ക്നാനായ അതിഭദ്രാസനത്തിന്റെ റാന്നി മേഖലാധിപന്‍ കുര്യാക്കോസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പ്രസിദ്ധമായ വെച്ചൂട്ട് നേര്‍ച്ച. മേയ് 11നു രാവിലെ എട്ടിനു വിശുദ്ധ കുര്‍ബാന, മധ്യസ്ഥപ്രാര്‍ഥന: ഫാ. തോമസ് കണ്ടാന്ത്ര. തുടര്‍ന്ന് കൊടിയിറക്കോടെ പെരുന്നാള്‍ സമാപിക്കും.
പെരുന്നാള്‍ ചടങ്ങുകള്‍ക്ക് വികാരി ഫാ. പോള്‍ വര്‍ഗീസ് വെള്ളാപ്പള്ളി, സഹവികാരി ഫാ. പി.ടി. തോമസ് പള്ളിയമ്പില്‍, ട്രസ്റ്റിമാരായ പി.വി. മാത്യു, കുര്യന് കെ. കുര്യന്, സെക്രട്ടറിമാരായ ജോണ്‍ സക്കറിയ, തോമസ് തോമസ്, ജനറല്‍ കണ്‍വീനര്‍ ബിജു അലക്സ്, ജോയിന്റ് കണ്‍വീനര്‍ ശാന്തമ്മ മാത്യു എന്നിവര്‍ നേതൃത്വം നല്‍കും.