കടവുപുഴ പാലം: രണ്ടു മാസത്തിനകം ഭരണാനുമതി നല്‍കണമെന്ന് കോടതി
1539660
Friday, April 4, 2025 11:51 PM IST
മൂന്നിലവ്: പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന കടവുപുഴ പാലം പുനര്‍നിര്‍മിക്കുന്നതിനു രണ്ടു മാസത്തിനകം ഭരണാനുമതി നല്‍കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. മേലുകാവ്, മേച്ചാല്‍ പ്രദേശത്തുള്ളവര്‍ക്കു മൂന്നിലവിലേക്കുള്ള യാത്രാമാര്‍ഗമായ കടവുപുഴ പാലം 2021 ലെ പ്രകൃതിക്ഷോഭത്തിലാണ് തകര്‍ന്നത്.
മൂന്നിലവ് പ്രദേശത്തെ ജനങ്ങളുടെ ബുദ്ധിമുട്ടു പരിഹരിക്കുന്നതിനായി ഒരു വര്‍ഷത്തെ തന്റെ എംഎല്‍എ ഫണ്ട് മുഴുവന്‍ മാണി സി. കാപ്പന് എംഎൽഎ നീക്കിവച്ചിരുന്നു. സാങ്കേതിക തടസങ്ങള്‍ ഉയര്‍ത്തി പാലം പണി വൈകിയതിനെത്തുടര്‍ന്നു മാണി സി. കാപ്പന് നിര്‍ദേശിച്ചതനുസരിച്ച് പഞ്ചായത്ത് പ്രസിഡന്റ് ചാര്‍ളി ഐസക്, മേച്ചാല്‍ സ്വദേശി കീരിപ്ലാക്കല്‍ റോസമ്മ തോമസ് വഴി ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന് ഫയല്‍ ചെയ്തു.
പരാതിക്കാരിക്കുവേണ്ടി അഡ്വ. ഉണ്ണി എസ്. കാപ്പന്, അഡ്വ. വി.എ. ജോണ്സണ് എന്നിവര്‍ ഹാജരായി. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, ചീഫ് എൻജിനിയര്‍, എക്സിക്യൂട്ടീവ് എൻജിനിയർ , ജില്ലാ കളക്ടര്‍, പാലാ ആര്‍ഡിഒ, മൂന്നിലവ് പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്കാണ് കോടതി വിധിയുടെ ഉത്തരവ് നല്‍കിയിരിക്കുന്നത്. ഭരണാനുമതി നല്‍കാനുള്ള ഹൈക്കോടതി വിധി സന്തോഷം നല്‍കുന്നുവെന്നും എത്രയും വേഗം പാലം പണി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും മാണി സി. കാപ്പന് എംഎൽഎ പറഞ്ഞു.
കേന്ദ്ര ഇടപെടല്‍ ഉണ്ടാകുമെന്നു ഫ്രാന്‍സിസ് ജോര്‍ജ് എംപി
പാലാ: മൂന്നിലവ് പഞ്ചായത്തിലെ തകര്‍ന്ന കടവുപുഴ പാലം പുനര്‍നിര്‍മിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നു കേന്ദ്ര ഗോത്ര കാര്യവകുപ്പ് മന്ത്രി ജൂവല്‍ ഓറം ഉറപ്പ് നല്‍കിയതായി ഫ്രാന്‍സിസ് ജോര്‍ജ് എംപി അറിയിച്ചു. മണ്ഡലത്തിലെ ഏക പട്ടികജാതി പട്ടിക വര്‍ഗ പഞ്ചായത്തായ മൂന്നിലവിലെ കടവുപുഴ പാലം അടിയന്തരമായി പുനര്‍നിര്‍മിക്കണമെന്ന ആവശ്യം ലോക്സഭയിലെ ശൂന്യവേളയില്‍ ഉന്നയിച്ചതിനു മറുപടിയായി മന്ത്രി അറിയിച്ചതാണ് ഇക്കാര്യം. പാലം തകര്‍ന്നിട്ട് മൂന്നുവര്‍ഷം കഴിഞ്ഞിട്ടും പുനര്‍നിര്‍മിക്കാനുള്ള യാതൊരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല.