മില്ലുകാര്‍ ചേദിക്കുന്നത് 23 കിലോ താര : കല്ലറയില്‍ വീണ്ടും നെല്ലുസംഭരണം മുടങ്ങി
1539601
Friday, April 4, 2025 7:12 AM IST
കടുത്തുരുത്തി: മില്ലുകാര്‍ ചേദിക്കുന്നത് 23 കിലോ താര. കല്ലറയില്‍ വീണ്ടും നെല്ലുസംഭരണം മുടങ്ങി.താരത്തര്ക്കത്തത്തുടര്ന്ന് കല്ലറയില്‍ വീണ്ടും നെല്ല് സംഭരണത്തില്‍ പ്രതിസന്ധി.
മാലിക്കരി പാടശേഖരത്താണ് നെല്ലുസംഭരണം പ്രതിസന്ധിയിലായിരിക്കുന്നത്. കൊയ്തെടുത്ത 45 ടണ്‍ നെല്ലാണ് സപ്ലൈകോയ്ക്കുവേണ്ടി നെല്ല് സംഭരിക്കുന്ന മില്ലുകാരുടെ അനാസ്ഥ കൊണ്ട് പാടത്ത് കിടന്ന് നശിക്കുന്നത്.
രണ്ടാഴ്ചയായി നെല്ല് പാടത്ത് കിടക്കുകയാണ്. കര്‍ഷകരെല്ലാം നെല്ല് സംരക്ഷിക്കാന്‍ മുഴുവന്‍ സമയത്തും പാടത്തുതന്നെയാണ്. വേനല്‍മഴ ശക്തമായതോടെ തങ്ങള്‍ ആശങ്കയിലാണെന്നു കര്‍ഷകരായ മഹേഷ്കുമാര്‍, ജോസ് മാത്യു, വിനോദ് എന്നിവര്‍ പറഞ്ഞു.
രണ്ടു മില്ലുകാര്‍ ഇതിനോടകം നെല്ല് നോക്കാനായി വന്നു. 23 കിലോ താര(കിഴിവ്)യാണ് 100 കിലോ നെല്ല് സംഭരിക്കുമ്പോള്‍ മില്ലുകാര്‍ ആവശ്യപ്പെടുന്നതെന്ന് കര്‍ഷകനായ പി.ടി. സലി പറഞ്ഞു.
പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ മില്ലുകാര്‍ക്ക് അനുകൂലമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. കഴിഞ്ഞ വര്‍ഷം ഒരു കിലോ താരപോലും വാങ്ങാതെയാണ് മില്ലുകാര്‍ ഇവിടത്തെ നെല്ല് സംഭരിച്ചത്. 253 ഏക്കര്‍ വരുന്ന കല്ലറയിലെ ഏറ്റവും വലിയ പാടശേഖരമാണ് മാലിക്കരി. 40 കര്‍ഷകരുടെ കൂട്ടായ്മയാണ് ഇവിടെ കൃഷിയിറക്കിയത്.
90 ദിവസം വളര്‍ച്ചയുള്ള മണിരത്ന വിത്താണ് വിതച്ചത്. 105 ദിവസം തികഞ്ഞശേഷമാണ് കൊയ്തത്. പാട്ടത്തിനെടുത്ത വസ്തുവിലാണ് കര്‍ഷക കൂട്ടായ്മ കൃഷി നടത്തിയത്.