കടനാട് കാത്തിരിക്കുന്നു; ഹാപ്പിനസ് പാര്‍ക്കിനായി
1539349
Friday, April 4, 2025 12:03 AM IST
കടനാട്: ജില്ലയില്‍ ഗ്രാമീണ ടൂറിസത്തിന് കൂടുതല്‍ സാധ്യതയും പ്രാധാന്യമുള്ള കടനാട് പഞ്ചായത്തില്‍ ഹാപ്പിനസ് പാര്‍ക്ക് നടപ്പാക്കാത്തതില്‍ പ്രതിഷേധമുയരുന്നു.
ചരിത്രപ്രസിദ്ധമായ കടനാട് ഫൊറോന പള്ളിയുടെ മുന്‍ഭാഗത്തുകൂടി ഒഴുകുന്ന കടനാട് ചെക്കുഡാമിന്റെ ഇരുകരകളും ദൃശ്യമനോഹര കാഴ്ചകളുള്ള പ്രദേശമാണ്. ഇവിടെ ഹാപ്പിനസ് പാര്‍ക്ക് നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മൂന്നു ചെക്ക് ഡാമുകള്‍ തൊട്ടടുത്തുള്ള ഏക പ്രദേശമാണ് കടനാട്.
വേനല്‍ക്കാലത്ത് രണ്ടു കിലോമീറ്ററോളം ദൂരത്തില്‍ വെള്ളം സംഭരിച്ചുനിര്‍ത്താന്‍ ശേഷിയുള്ള ചെക്കു ഡാമുകളാണ് ഇവിടെയുള്ളത്. ഈ ചെക്കു ഡാമിന്റെ കരകളില്‍ ഫലവൃക്ഷങ്ങള്‍ നിറഞ്ഞുനില്ക്കുന്ന സ്ഥലത്ത് പാര്‍ക്ക് നിര്‍മിക്കണമെന്നതാണ് ആവശ്യം.
കേരളത്തിലെ മേജര്‍ ഇറിഗേഷന്റെ ആദ്യത്തെ ചെക്കു ഡാമാണ് ഇത്. ഈ ചെക്കു ഡാമിലാണ് ജനശ്രദ്ധയാകര്‍ഷിച്ച കുട്ടവഞ്ചി ജലോത്സവം ഏതാനും മാസം മുമ്പ് സംഘടിപ്പിച്ചത്.
ഇത്തരത്തില്‍ അനന്തസാധ്യതകള്‍ ഏറെയുള്ള പ്രദേശത്തോട് അധികൃതർ കാണിക്കുന്ന അവഗണനയ്ക്കെതിരേ പ്രതിഷേധം ശക്തമാവുകയാണ്. ഹാപ്പിനസ് പാര്‍ക്ക് നടപ്പാക്കിയില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികളിലേക്ക് നീങ്ങുവാനാണ് സംരക്ഷരണ സമിതിയുടെ തീരുമാനം. ഈ ചെക്കുഡാമിലാണ് ഫയര്‍ ഫോഴ്സിന്റെ സിവില്‍ ഡിഫന്റ്സിന്റെ പരിശീലന പരിപാടികള്‍ നടന്നത്.
സംരക്ഷണസമിതി പ്രസിഡന്റ് ജോണി അഴകന്പറമ്പിലിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ബിനു വള്ളോംപുരയിടം, സിബി അഴകന്‍പറമ്പില്‍, സാംകുമാര്‍ കൊല്ലപ്പള്ളില്‍, റോക്കി ഒറ്റപ്ലാക്കല്‍, സന്തോഷ് വഞ്ചിക്കച്ചാലില്‍, ജോയല്‍ കണ്ണഞ്ചിറ,ടോമി അരീപ്പറമ്പില്‍, സജി വഞ്ചിക്കച്ചാലില്‍, ഷിജു സ്കറിയ, തോമസ് കൊച്ചെട്ടൊന്നില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.