പകരച്ചുങ്കം: വേമ്പനാട് ചെമ്മീനും കയറിനും കുരുക്കായേക്കാം
1539624
Friday, April 4, 2025 11:51 PM IST
കോട്ടയം: അമേരിക്കയുടെ പകരച്ചുങ്കം ചെമ്മീനിനും കയറിനും കുരുക്കാകുമോ എന്നതില്‍ ആശങ്ക. വേമ്പനാട് കായല്‍ ചെമ്മീന്‍ കൊച്ചിയില്‍ സംസ്കരിച്ച് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.
ചേര്‍ത്തല, വൈക്കം എന്നിവിടങ്ങളില്‍ കൊഞ്ചും ചെമ്മീനും വിവിധ സൈസൈറ്റികള്ക്കും കമ്പനികള്‍ക്കും വിറ്റ് ഉപജീവനം കഴിക്കുന്നവര്‍ ഏറെപ്പേരാണ്. അമേരിക്ക 27 ശതമാനം ചുങ്കം ഈടാക്കുന്ന സാഹചര്യത്തില്‍ ജില്ലയുടെ തീരദേശ കുടില്‍വ്യവസായമായ കയറിനും പരവതാനിക്കും ആഘാതമുണ്ടാക്കാം. കര്‍ഷകരും സൈസൈറ്റികളും കമ്പനികളും ഉത്പാദിപ്പിക്കുന്ന കയര്‍ ഉത്പന്നങ്ങളുടെ അമേരിക്കന്‍ കയറ്റുമതിയില്‍ ഇടിവുണ്ടായാല്‍ ആഘാതം ചെറുതല്ല.
കയര്‍ കോര്പറേഷന് കഴിഞ്ഞവര്‍ഷം അമേരിക്കയിലെ വാള് മാര്‍ട്ട് മുഖേന ഓണ്‍ലൈന്‍ കയര്‍ ഉത്പന്ന വ്യാപാരം തുടങ്ങിയിരുന്നു.
വൈക്കം താലൂക്കില്‍ അയ്യായിരത്തിലേറെ പേരുടെ ഉപജീവനമാർഗമാണ് കയര്‍. ചെമ്മീന്‍ കയറ്റുമതി പരമാവധി കുറയ്ക്കാന്‍ ഏറെക്കാലമായി അമേരിക്ക ശ്രമം നടത്തിവരികയാണ്. നിലവില്‍ 10 ശതമാനത്തില്‍ താഴെയാണ് അമേരിക്ക ഇവിടെനിന്നുള്ള മത്സ്യ ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ചുങ്കം.
അമേരിക്കയിലേക്ക് കയറ്റുമതി കുറഞ്ഞാല്‍ യൂറോപ്യന്‍ യൂണിയന്, ജപ്പാന്, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ചെമ്മീനിന്റെ വിലയും വലിയതോതില്‍ കുറയാനിടയുണ്ട്. ചെമ്മീന്‍ കൂടാതെ കരിമീന്‍, കൂരി, വരാല് ഉള്‍പ്പെടെയുള്ള കായല്‍ മത്സ്യങ്ങള്‍ സംസ്കരിച്ചു നടത്തുന്ന കയറ്റുമതിയെയും പ്രതികൂലമായി ബാധിക്കാം.