കെ.എം. മാണി തണല്‍ വഴിയോര വിശ്രമകേന്ദ്രം എട്ടിനു നാടിനു സമര്‍പ്പിക്കും
1539661
Friday, April 4, 2025 11:51 PM IST
കുറവിലങ്ങാട്: കോഴായിലെ കെ.എം. മാണി തണല്‍ വഴിയോര വിശ്രമകേന്ദ്രം എട്ടിന് ഉച്ചയ്ക്കു 12നു മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തിന്റെയും ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് എംസി റോഡരികില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപം വിശ്രമകേന്ദ്രം യാഥാര്‍ഥ്യമാകുന്നത്.
ജില്ലാ പഞ്ചായത്ത് 2.52 കോടി രൂപയും ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് 70 ലക്ഷം രൂപയുമാണ് തണല്‍ വിശ്രമ കേന്ദ്രത്തിന്റെ നിര്‍മാണത്തിനായി വകയിരുത്തിയത്. കൊച്ചി ആസ്ഥാനമായ കേരള ഇലക്ട്രിക്കല്‍സ് ലിമിറ്റഡാണ് നിര്‍മാണം നടത്തിയത്. ബ്ലോക്ക് പഞ്ചായത്തിന്റെ 19.589 സെന്റ് സ്ഥലം കെട്ടിടത്തിനും പാര്‍ക്കിംഗ് സൗകര്യത്തിനുമായി വിനിയോഗിച്ചിട്ടുണ്ട്. താഴത്തെ നിലയില്‍ ജില്ലാ കുടുംബശ്രീമിഷന്റെ മേല്‍നോട്ടത്തില്‍ കുടുംബശ്രീ പ്രീമിയം കഫേ പ്രവര്‍ത്തിക്കും.
രണ്ടാം നിലയില്‍ ഡോര്‍മിറ്ററിയും 150 പേര്‍ക്കിരിക്കാവുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ കോണ്‍ഫറന്‍സ് ഹാളുമാണുള്ളത്. മൂന്നാം നില പൂര്‍ത്തിയാക്കി വനിതകള്‍ക്കുള്ള ഷീ ലോഡ്ജ് സജ്ജമാക്കും. മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, ശുചിത്വ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍, കാറ്ററിംഗ്, ഓണ്‍ലൈന്‍ സേവന സൗകര്യം, ഭിന്നശേഷി സൗഹൃദ സംവിധാനങ്ങള്‍, വിശാലമായ പാര്‍ക്കിംഗ് എന്നിങ്ങനെ സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രീമിയം കഫേയാണ് ഇവിടെ ഒരുങ്ങിരിക്കുന്നത്.
കുടുംബശ്രീ വനിതകളെ ഉള്‍പ്പെടുത്തിയുള്ള കണ്‍സോര്‍ഷ്യത്തിനാണു നടത്തിപ്പുചുമതല. ജീവനക്കാരായി ബ്ലോക്ക് പരിധിയിലെ എട്ട് പഞ്ചായത്തുകളില്‍നിന്ന് 40 വനിതകളെ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനവും നല്കി. മൂന്ന് മാസം നീണ്ട പരിശീലനം തൃശൂര്‍ ഐഫ്രം ഏജന്‍സിയാണ് നല്‍കിയത്. ആറുമാസം ഇതേ ഏജന്‍സി കഫെ നടത്തിപ്പിനും ഒപ്പമുണ്ട്. രാവിലെ ആറ് മുതല്‍ രാത്രി 11 വരെ മൂന്ന് ഷിഫ്റ്റായിട്ടായിരിക്കും ജോലി. വിശ്രമകേന്ദ്രത്തിലെ ആധുനിക രീതിയിലുള്ള ടേക്ക് എ ബ്രേക്കിന്റെ ചുമതലയും കുടുംബശ്രീ വഹിക്കും.