ജെഎസ്ഒവൈഎ കായികമേളയ്ക്കു തുടക്കം
1539884
Saturday, April 5, 2025 7:05 AM IST
കോട്ടയം: ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ജെഎസ്ഒ യൂത്ത് അസോസിയേഷന് കോട്ടയം ഭദ്രാസന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കായികമേളയ്ക്കു തുടക്കം. ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വടവാതൂര്‍ മാര്‍ അഫ്രേം യാക്കോബായ സുറിയാനി പള്ളിയില്‍ സംഘടിപ്പിച്ചു.
വിവിധ ഇടവക ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ പേരൂര്‍ മര്‍ത്തശ്മൂനി പള്ളി ടീം വിജയികളും തൃക്കോതമംഗലം സെന്റ് മേരീസ് ദയറ പള്ളി ടീം റണ്ണറപ്പുമായി. ഫാ. വിബിന് വര്‍ഗീസ് വെള്ളാപ്പള്ളില്‍, ജില്ലാ പഞ്ചായത്തംഗം റെജി എം. ഫിലിപ്പോസ് എന്നിവര്‍ ചേർന്ന് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.
ഭദ്രാസന വൈസ്പ്രസിഡന്റ് ഫാ. അജു കെ. ഫിലിപ്പ്, സെക്രട്ടറി ഷാന്‍ ടി. ജോണ്‍, ഭാരവാഹികളായ ബിനോയ് ജോണ്‍, ഉതുപ്പ് സ്കറിയ, ജോസഫ് ചാണ്ടി തുടങ്ങിയവര്‍ നേതൃത്വം നല്കി.
ആറിന് സക്കറിയാസ് മാര്‍ പോളികാര്‍പ്പോസ് മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റും 23നു വൈദിക ഇലവനും ജെഎസ്ഒവൈഎ ഇലവനും തമ്മിലുള്ള സൗഹൃദ ക്രിക്കറ്റ് മത്സരവും നടത്തുമെന്ന് സെക്രട്ടറി ഷാന്‍ ടി. ജോണ്‍ അറിയിച്ചു.