അതിരമ്പുഴ ജുമാ മസ്ജിദിലെ സംഘർഷം: ഒരാൾ കസ്റ്റഡിയിൽ
1539878
Saturday, April 5, 2025 7:05 AM IST
അതിരമ്പുഴ: ചെറിയ പെരുന്നാൾ ദിനത്തിൽ അതിരമ്പുഴ ജുമാ മസ്ജിദിൽ സംഘർഷമുണ്ടായ സംഭവത്തിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ. അതിരമ്പുഴ മ്ലാങ്കുഴിയിൽ അജാസിനെ(33)യാണ് ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ 31ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ചെറിയ പെരുനാളിനോട് അനുബന്ധിച്ച് പിരിഞ്ഞുകിട്ടിയ നേർച്ചപ്പണം എണ്ണി തിട്ടപ്പെടുത്തണമെന്ന് പള്ളി കമ്മിറ്റിയംഗമായ അബ്ബാസിനോട് അതിരമ്പുഴ നാല്പാത്തിമല നെടുവേലിപീടിക ഷാഹുൽ ഹമീദ് (45) ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്.
മദ്രസ പിടിഎ സെക്രട്ടറിയാണ് ഷാഹുൽ. നേർച്ചപ്പണം എണ്ണാൻ ആവശ്യപ്പെട്ടതിനെ ത്തുടർന്ന് അബ്ബാസിന്റെ സഹോദരനായ മാഹിൻകുട്ടി, സുഹൈൽ, ഉനൈസ് എന്നിവർ ചേർന്നു മർദിക്കുകയായിരുന്നുവെന്നാണ് ഷാഹുൽ മൊഴി നൽകിയിരിക്കുന്നത്.
അച്ഛനെ മർദിക്കുന്നതു കണ്ട് ഓടിവന്ന മകൻ മുഹമ്മദ് മുസാമിനെ(12)യും സംഘം ക്രൂരമായി മർദിച്ചു. ഷാഹുൽ ഹമീദിനു മുഖത്തും നെഞ്ചിനും ചെവിക്കുമാണ് പരിക്കേറ്റത്. മുസാമിന്റെ പല്ല് ഇളകിപ്പോയ നിലയിലാണ്. നെഞ്ചിലും പരിക്കുണ്ട്. ചൈൽഡ് ലൈൻ പ്രവർത്തകർ ഇന്നലെ മുസാമിന്റെ മൊഴി രേഖപ്പെടുത്തി.
കേസിലെ മറ്റു പ്രതികളായ മാഹിൻകുട്ടി, സുഹൈൽ, ഉനൈസ് എന്നിവർക്കായി അന്വേഷണം ഊർജിതമാക്കിയതായി ഏറ്റുമാനൂർ പോലീസ് അറിയിച്ചു.
സംഭവത്തിൽ കുറ്റക്കാർക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൈതമല ജമാഅത്ത് കമ്മിറ്റി പോലീസിൽ പരാതി നൽകി. സംഘർഷത്തിൽ 12 വയസുള്ള കുട്ടിയുൾപ്പെടെ രണ്ടുപേരാണ് ക്രൂര മർദനത്തിന് ഇരയായത്.
സംഭവം ഗൗരവമേറിയതും സമൂഹത്തിൽ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നതുമാണെന്ന് എറ്റുമാനൂർ-അതിരമ്പുഴ മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ടി.എച്ച്. ഉമ്മർ പറഞ്ഞു.