വഖഫ് നിയമഭേദഗതി: പിന്തുണയ്ക്കണമെന്ന് കെസിസി
1539594
Friday, April 4, 2025 7:03 AM IST
കോട്ടയം: വഖഫ് ഭേദഗതി ബില്ലിനെ രാജ്യസഭയിൽ കേരളത്തിൽ നിന്നുള്ള എംപിമാർ പിൻതുണയ്ക്കണമെന്നു ക്നാനായ കത്തോലിക്കാ കോൺഗ്രസ് (കെസിസി)കോട്ടയം അതിരൂപത ശക്തമായി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കെസിബിസിയുടെ നിലപാടിനോട് കെസിസി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി കെസിസി അതിരൂപതാ പ്രസിഡന്റ് ബാബു പറമ്പെടത്തുമലയിൽ, ജനറൽ സെക്രട്ടറി ബേബി മുളവേലിപ്പുറത്ത് എന്നിവർ അറിയിച്ചു.
മുനമ്പത്തെ പ്രശ്നം പരിഹരിക്കപ്പെടണമെങ്കിൽ മുൻകാല പ്രാബല്യത്തോടെ വഖഫ് നിയമത്തിലെ ജനാധിപത്യ വിരുദ്ധമായ വകുപ്പുകൾ റദ്ദാക്കണമെന്നും കെസിസി വ്യക്തമാക്കി.
മുനമ്പത്തെ ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയിൽ രാഷ്ട്രീയപാർട്ടികൾ സ്വീകരിച്ചു പോരുന്ന ഇരട്ടത്താപ്പ് അപലപനീയമാണെന്നു കെസിസി ചൂണ്ടിക്കാട്ടി.
ചില വിഭാഗങ്ങളെ പ്രീണിപ്പിക്കാൻ വേണ്ടി ജനാധിപത്യ മൂല്യങ്ങളെയും ഭരണഘടനയുടെയും കോടതികളുടെയും പരമാധികാരങ്ങളെ കവർന്നെടുക്കുന്ന വഖഫ് നിയമഭേദഗതി ബില്ലിനെ രാജ്യസഭയിലെങ്കിലും കേരളത്തിൽ നിന്നുള്ള എംപിമാർ എതിർക്കരുത് എന്ന് ക്നാനായ കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു.