ഏപ്രില്‍ഫൂള്‍ ദിനത്തില്‍ പോലീസിനെ കബളിപ്പിച്ച റിട്ട. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെതിരേ കേസ്
1539603
Friday, April 4, 2025 7:12 AM IST
പെരുവ: ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ പോലീസിനെ കബളിപ്പിച്ച റിട്ടയേഡ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെതിരേ പോലീസ് കേസെടുത്തു. കാരിക്കോട് ചെമ്മഞ്ചി നടുപ്പറമ്പില്‍ ഗംഗാധരന് നായര്‍(67)ക്കെതിരേയാണ് വെള്ളൂര്‍ പോലീസ് കേസെടുത്തത്.
ഏപ്രിൽ ഒന്നിനു പുലര്‍ച്ചെ 2.15ന് ഗംഗാധരന് നായര്‍ വെള്ളൂര്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചു തന്റെ വീടിനു നേര്‍ക്ക് ആരോ കല്ലെറിയുന്നു എന്നറിയിച്ചു. താനും ഭാര്യയും മാത്രമാണ് ഇവിടെ താമസമെന്നും ഉടന്‍ എത്തണമെന്നും ഗംഗാധരന് നായര്‍ പോലീസിനോട് അഭ്യര്‍ഥിച്ചു. വിവരമറിഞ്ഞയുടന്‍ എസ്ഐ എബിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം വീട്ടിലേക്ക് പുറപ്പെട്ടു.
വീടിന് സമീപമെത്തിയപ്പോള്‍ വീടിന്റെ കൃത്യമായ ലൊക്കേഷന്‍ ചോദിച്ചു വീണ്ടും ബന്ധപ്പെട്ടപ്പോള്‍ ഇന്ന് ഏപ്രില്‍ ഫൂള്‍ ആണ് നിങ്ങളെ ഞാന്‍ പറ്റിച്ചതാണെന്ന് ഗംഗാധരന് നായര്‍ പറഞ്ഞു. നിങ്ങള്‍ മാത്രമേ ഇതു വിശ്വസിക്കൂവെന്നും ഗംഗാധരൻ നായർ പറഞ്ഞതായി പോലീസ് പറഞ്ഞു.
ഇതേത്തുടർന്ന് തിരിച്ചുപോയ പോലീസ് രാവിലെ ഗംഗാധരനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി. പോലീസ് ആക്ട് 118 ബി പ്രകാരം കേസെടുത്ത ശേഷം സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
ഇത്തരം കുറ്റകൃത്യത്തിന് പതിനായിരം രൂപ പിഴയും ആറു മാസം തടവുമാണ് ശിക്ഷയെന്നും വെള്ളൂര്‍ എസ്ഐ ശിവദാസ് പറഞ്ഞു.