പുതിയ ഹൈവേ വൈക്കം സത്യഗ്രഹ ഭൂമിയുമായി ബന്ധപ്പെടുത്തി വേണമെന്ന്
1539605
Friday, April 4, 2025 7:12 AM IST
വൈക്കം: ഫ്രാൻസിസ് ജോർജ് എം പി കേന്ദ്ര പദ്ധതിയിൽപ്പെടുത്തി നിർമിക്കുന്ന പുതിയ ഹൈവേ വൈക്കം സത്യഗ്രഹഭൂമികയുമായി ബന്ധപ്പെടുത്തിവേണമെന്ന് കേരള കോൺഗ്രസ് വൈക്കം നിയോജകമണ്ഡലം കമ്മിറ്റി എംപിക്കു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. വൈക്കവുമായി ഈ പുതിയ റോഡിനെ ബന്ധിപ്പിച്ചാൽ വൈക്കത്തിന്റെ മുഖഛായ മാറുന്ന ഒന്നായിത്തീരുമെന്നും കമ്മിറ്റി നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ഫ്രാൻസിസ് ജോർജ് എംപി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയെത്തുടർന്ന് അനുവദിച്ച കോട്ടയം-കുമരകം -വെച്ചൂർ - തണ്ണീർമുക്കം - മുഹമ്മവഴി ദേശീയപാത എന്ന ഇടനാഴി വെച്ചൂരിൽനിന്നു വൈക്കം സത്യഗ്രഹ സമരഭൂമിയിലൂടെ നേരേകടവ്, തൈക്കാട്ടുശേരി വഴി തുറവൂർ എൻഎച്ച് 66ൽ എത്തിക്കണമെന്നും അതുവഴി വൈക്കത്ത് ഒരു വികസനക്കുതിപ്പുണ്ടാക്കാൻ സാധിക്കുമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.
കോട്ടയത്തുനിന്ന് ആരംഭിക്കുന്ന റോഡ് കുമരകം, വെച്ചൂർ, വൈക്കം, ഉദയനാപുരം, നേരേകടവ്, തൈക്കാട്ടുശേരി വഴി തുറവൂരിൽ എത്തിച്ച് ഹൈവേയുമായി ബന്ധിപ്പിക്കണമെന്നാണ് കേരള കോൺഗ്രസ് എംപിക്കു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇപ്പോൾ നിർദേശിച്ചിരിക്കുന്ന കോട്ടയം-കുമരകം - വെച്ചൂർ - ബണ്ടു റോഡ് - തണ്ണീർമുക്കം - മുഹമ്മവഴി എൻഎച്ച് 66ൽ എത്തുന്നതിന് ദൂരക്കൂടുതൽ ഉള്ളതിനാൽ വൈക്കംവഴി നിർദേശിച്ചിരിക്കുന്ന റോഡ് പരിഗണിച്ച് കേന്ദ്രസംഘം പരിശോധനയ്ക്ക് എത്തുമ്പോൾ അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താനാകും.
കേരളകോൺഗ്രസ് വൈക്കം നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പോൾസൺ ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അഡ്വ. ജയിംസ് കടവൻ, സിറിൾ ജോസഫ്, തങ്കമ്മ വർഗീസ്, പി.എൻ. ശിവൻകുട്ടി, വി.എം. ഷാജി, പി.എ. ഷാജി, ജോൺ വളവത്ത്, തോമസ് നാല്പതുത്തറ, ബിജു രാഘവൻ, ജോയി മണ്ണച്ചിറ, സിന്ധു സജീവൻ, ജോയി കൊച്ചാനാപ്പറമ്പിൽ, കെ.സി. തോമസ്, കെ.എസ്. ബിജു മോൻ, ബിജു മൂഴിയിൽ, ശക്തിധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
നിയോജക മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാണിച്ച നിർദേശങ്ങൾ കേന്ദ്ര സംഘത്തിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് എംപി ഉറപ്പു നൽകി.