കുടുംബശ്രീയിലെ ലോൺ തട്ടിപ്പ്: അന്വേഷണം വേണമെന്ന് യുഡിഎഫ്
1539599
Friday, April 4, 2025 7:03 AM IST
അതിരമ്പുഴ: അതിരമ്പുഴ പഞ്ചായത്ത് മൂന്നാം വാർഡ് സൗപർണിക കുടുംബശ്രീയിലെ ലോൺ തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ നിയമപരമായ അന്വേഷണം നടത്തണമെന്ന് യുഡിഎഫ് അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റി അതിരമ്പുഴ ഗ്രാമപഞ്ചായത്ത് കമ്മിറ്റിയോട് ആവശ്യപ്പെട്ടു. യുഡിഎഫ് മണ്ഡലം ചെയർമാൻ ജൂബി ഐക്കരക്കുഴി, കൺവീനർ തോമസ് പുതുശേരി എന്നിവരാണ് ഇതു സംബന്ധിച്ച് പഞ്ചായത്ത് കമ്മിറ്റിക്ക് കത്ത് നൽകിയിരിക്കുന്നത്.
കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ അംഗങ്ങളിൽ കൂടുതലും സാധാരണക്കാരും പാവപ്പെട്ടവരുമാണ്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് കുടുംബശ്രീ ഭാരവാഹികൾ പറയുന്നത് അതേപടി വിശ്വസിക്കുന്നവരാണ് അവർ.
സൗപർണിക അയൽക്കൂട്ടത്തിൽ മാത്രം 17 ലക്ഷം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. ബാങ്ക് ലിങ്കേജ് ലോൺ എടുത്തിട്ടുള്ള മുഴുവൻ അയൽക്കൂട്ടങ്ങളിലെയും അംഗങ്ങൾക്ക് എടുത്ത ലോൺ സംബന്ധിച്ച് വ്യക്തതയുണ്ടാക്കുകയും ലോൺ സംബന്ധിച്ച പൂർണ വിവരങ്ങൾ അവരെ ബോധ്യപ്പെടുത്തുകയും വേണം.
അയൽക്കൂട്ടങ്ങൾക്ക് ലോണുകൾ ലഭിക്കുന്നത് സിഡിഎസിന്റെ അറിവോടെയും അംഗീകാരത്തോടെയുമാണ്. അതുകൊണ്ട് ക്രമക്കേടിൽ സിഡിഎസ് ഭാരവാഹികൾക്കും ഉദ്യോഗസ്ഥർക്കും പങ്കുണ്ടോ എന്നും അന്വേഷിക്കണമെന്ന് ജൂബി ഐക്കരക്കുഴിയും തോമസ് പുതുശേരിയും പഞ്ചായത്ത് കമ്മിറ്റിയോട് ആവശ്യപ്പെട്ടു.