‘സന്പൂർണ’മാലിന്യപ്പുഴയായി ചിറ്റാർ
1539616
Friday, April 4, 2025 10:17 PM IST
കാഞ്ഞിരപ്പള്ളി: സമ്പൂര്‍ണ മാലിന്യമുക്തം പ്രഖ്യാപനങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി മുഴുവൻ വൃത്തിയാക്കിയപ്പോഴും ചിറ്റാർ പുഴ ഇപ്പോഴും മാലിന്യങ്ങളുടെ പിടിയിൽ തന്നെ.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ ഓടകളിലും കൈത്തോടുകളിലും കെട്ടിക്കിടന്ന മാലിന്യമാണ് ചിറ്റാര്‍ പുഴയിലേക്ക് ഒഴുകിയെത്തിയിരിക്കുന്നത്. പേട്ടക്കവല മുതല്‍ അഞ്ചിലിപ്പ വരെയുള്ള ഭാഗങ്ങളില്‍ മാലിന്യം അടിഞ്ഞുകൂടിയ നിലയിലാണ്. പേട്ടക്കവലയിലെ പാലത്തിനു കീഴിലും സമീപത്തും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കെട്ടിക്കിടക്കുകയാണ്. മലിനജലത്തില്നിന്നു ദുര്‍ഗന്ധവും വമിക്കുന്നുണ്ട്.
മഴയെത്തി പുഴയില്‍ ഒഴുക്ക് വീണാല്‍ ഈ മാലിന്യങ്ങള്‍ ഒഴുകി തടയണകളിലേക്കും പിന്നീട് മണിമലയാറ്റിലേക്കുമാണ് ചെന്നെത്തുന്നത്. വൻ തോതിൽ മാലിന്യം കൂടിക്കിടക്കുന്നതു പകർച്ച വ്യാധികൾക്കും കാരണമാകുമെന്നു നാട്ടുകാർ പറയുന്നു.
മുന്‍പ് ചിറ്റാര്‍ പുനര്‍ജനി പദ്ധതിയിലൂടെ പുഴ ശുചീകരണം നടത്തിയിരുന്നു. ഇതിലൂടെ പുഴയും കൈത്തോടുകളും എല്ലാ വര്‍ഷവും ശുചീകരിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ചിറ്റാര്‍പുഴ ശുചീകരണം നിലച്ച നിലയിലാണ്. മാലിന്യങ്ങള്‍ വന്നടിഞ്ഞ് ചിറ്റാര്‍ പുഴയുടെ ആഴവും കുറഞ്ഞ നിലയിലാണ്. മഴയെത്തുന്നതിനുമുന്പ് ചിറ്റാർ പുഴ ശുചീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.