പീഡനങ്ങളിലൂടെ ക്രൈസ്തവ സഭയെ തകര്‍ക്കാനാവില്ല: മോണ്‍. കന്യാകോണില്‍
1539593
Friday, April 4, 2025 7:03 AM IST
കോട്ടയം: പീഡനങ്ങളിലൂടെ ക്രൈസ്തവ സഭയെയും വിശ്വാസത്തെയും തകര്‍ക്കാന്‍ കഴിയില്ലെന്ന് അതിരൂപത വികാരി ജനറാള്‍ മോണ്‍. സ്കറിയ കന്യാകോണില്‍. മധ്യപ്രദേശിലെ ജബല്‍പുര്‍ രൂപതയ്ക്കു കീഴിലുള്ള മാണ്ഡലയില്‍ ജബല്‍പുര്‍ വികാരി ജനറാള്‍ മോണ്‍. ഡേവിസ്, രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. ജോര്‍ജ് എന്നിവരെയും വിശ്വാസികളെയും ക്രൂരമായി മര്‍ദിച്ച നടപടിയില്‍ പ്രതിഷേധിക്കുന്നതിനായി ചങ്ങനാശേരി അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് കോട്ടയം ഗാന്ധിസ്ക്വയറില്‍ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യസമരത്തിലും രാഷ്ട്രനിര്‍മാണത്തിലും നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള ക്രൈസ്തവ സമൂഹത്തിന്റെ പ്രശ്നങ്ങളെ കൃത്യതയോടെ വിലയിരുത്തി പ്രശ്നപരിഹാരത്തിന് കേന്ദ്ര സര്‍ക്കാര്‍ തയാറാവണമെന്ന് വികാരി ജനറാള്‍ ആവശ്യപ്പെട്ടു. അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷനായിരുന്നു.
ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്, ജോര്‍ജ്കുട്ടി മുക്കത്ത്, ജിനോ കളത്തില്‍, രാജേഷ് ജോണ്‍, ടോമിച്ചന് അയ്യരുകുളങ്ങര, സെബാസ്റ്റ്യന്‍ വര്‍ഗീസ്, കുഞ്ഞ് കളപ്പുര, കെ.എസ്. ആന്റണി, പി.സി. കുഞ്ഞപ്പന്, സെബാസ്റ്റ്യന്‍ പുല്ലാട്ടുകാലാ, ജോബി ചൂരക്കുളം, അഡ്വ.പി.പി. ജോസഫ്, മനു ജെ. വരാപ്പള്ളി, ലിസി ജോസ്, ജോസി ഡൊമിനിക്, ഷെയിന്‍ ജോസഫ്, ജോയി പാറപ്പുറം തുടങ്ങിയവര്‍ പ്രസംഗിച്ചു.