ലഹരിക്കെതിരേ കുരിശിന്റെ വഴിയുമായി കുറവിലങ്ങാട് ഇടവക
1539608
Friday, April 4, 2025 7:12 AM IST
കുറവിലങ്ങാട്: വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരേ പ്രാർഥനയിൽ കരുത്ത് സമ്മാനിക്കാൻ കുറവിലങ്ങാട് ഇടവക. നോമ്പിലെ വെള്ളിയാഴ്ചയായ ഇന്ന് കുരിശിന്റെ വഴി നടത്തി പ്രാർഥനയിൽ ആശ്രയിക്കാനാണ് ഇടവകയുടെ തീരുമാനം.
വൈകുന്നേരം 5.30ന് ഇടവക ദേവാലയത്തിൽ വിശുദ്ധ കുർബാന. 6.15ന് ജൂബിലി കപ്പേളയിൽനിന്ന് മുത്തിയമ്മ മലയിലേക്ക് ആഘോഷമായ കുരിശിന്റെ വഴി നടത്തിയാണ് ഇടവക ലഹരിക്കെതിരേ പ്രാർഥിക്കുന്നത്.
ഇടവകയിലെ കുടുംബക്കൂട്ടായ്മ യൂണിറ്റുകളോട് ചേർന്നുള്ള ജാഗ്രതസമിതികൾ ലഹരിക്കെതിരേ ശക്തമായ നിരീക്ഷണം നടത്തുന്നുണ്ട്. ഇതിനൊപ്പമാണ് ഇടവകജനം ആഘോഷമായ സ്ലീവാപ്പാത നടത്തുന്നത്.
ഇടവകയിലെ വിശ്വാസപരിശീലന കേന്ദ്രം, മാതൃവേദി, ചെറുപുഷ്പമിഷൻ ലീഗ് യൂണിറ്റുകൾ, ആറ്, ഏഴ് വാർഡുകൾ എന്നിവരുടെ നേതൃത്വത്തിലാണ് കുരിശിന്റെ വഴിയുടെ ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളത്.