പീഡാനുഭവ സ്മരണയുണർത്തിയ കുരിശിന്റെ വഴി അനുഗ്രഹധന്യം
1539896
Saturday, April 5, 2025 7:18 AM IST
ചങ്ങനാശേരി: ഈശോയുടെ പീഡാനുഭവ-മരണ-ഉത്ഥാനങ്ങളുടെ ജ്വലിക്കുന്ന സ്മരണകള്‍ മനസുകളില്‍ നിറച്ച് അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തിയ കുരിശിന്റെ വഴിയില്‍ ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടും പിന്നാലെ കോരിച്ചൊരിഞ്ഞ മഴയും അവഗണിച്ച് ഭക്തിപൂര്‍വം ആയിരങ്ങള്‍ അണിനിരന്നു.
ചങ്ങനാശേരി, തുരുത്തി, കുറുമ്പനാടം, തൃക്കൊടിത്താനം ഫൊറോനകളിലെ വിശ്വാസികളാണ് വിവിധ മേഖലകളില്‍നിന്നു കുരിശിന്റെ വഴി പ്രാര്‍ഥനകള്‍ അര്‍പ്പിച്ച് കിലോമീറ്ററുകള്‍ താണ്ടി കാല്‍നടയായി പാറേല്‍ മരിയന്‍ തീര്‍ഥാടനകേന്ദ്രത്തിലേക്ക് നടന്നുനീങ്ങിയത്. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ കുരിശിന്റെ വഴിക്ക് നേതൃത്വം നൽകി.
രാത്രി ഏഴിന് വിവിധ സ്ഥലങ്ങളില്‍നിന്നുള്ള കുരിശിന്റെ വഴികൾ പാറേല്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നു. തുടർന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ സന്ദേശവും ശ്ലൈഹികാശീര്വാദവും നല്കി.
മാമ്മൂട് പള്ളിയില്‍നിന്നു വൈകുന്നേരം നാലിന് മുഖ്യ വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ടിന്റെയും ഇടവക വികാരി ഫാ. മോര്‍ളി കൈതപ്പറമ്പിലിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച വിശുദ്ധ കുരിശിന്റെ വഴിയോട് മാമ്മൂട് ജംഗ്ഷനില്‍ മാന്നില പള്ളിയില്‍നിന്നും നടയ്ക്കപ്പാടത്ത് മാടപ്പള്ളി പള്ളിയില്നിന്നുമുള്ള വിശ്വാസികൾ കൂടിച്ചേര്‍ന്നു.
കുറുമ്പനാടം ഫൊറോന പള്ളിയിൽ ഫൊറോനാ വികാരി റവ.ഡോ. ചെറിയാന് കറുകപ്പറമ്പിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കുരിശിന്റെ വഴിയില്‍ കുറുമ്പനാടം, കുറുമ്പനാടം അസംപ്ഷന്‍, ഇരവുചിറ, രാജമറ്റം, തോട്ടയ്ക്കാട് പള്ളികളില്നിന്നുള്ളവര് അണിനിരന്നു. ഇവര്‍ പെരുമ്പനച്ചിയില്‍ മാമ്മൂട്ടില്നിന്നെത്തിയ വിശ്വാസികളുമായി സംഗമിച്ചു.
തൃക്കൊടിത്താനം ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ പുന്നശേരിയുടെ നേതൃത്വത്തിലുള്ള കുരിശിന്റെ വഴി മുണ്ടുപാലം പള്ളിയില്നിന്നാരംഭിച്ച് തെങ്ങണായില്‍ മാമ്മൂട്ടില്നിന്നെത്തിയ കുരിശിന്റെ വഴിയോടു ചേര്‍ന്നു. വെരൂര്‍ പള്ളിക്കു മുമ്പിലെത്തിയപ്പോള്‍ ഇടവകയില്‍നിന്നുള്ള നൂറുകണക്കിനു വിശ്വാസികള്‍ കുരിശിന്റെ വഴിയില്‍ പങ്കുചേര്‍ന്നു.
കൊടിനാട്ടുകുന്നുപള്ളിയില്നിന്നുമാരംഭിച്ച കുരിശിന്റെ വഴിയില്‍ കൊടിനാട്ടുകുന്ന്, നാലുകോടി, പായിപ്പാട്, ചാഞ്ഞോടി, കുന്നന്താനം പള്ളികളില്നിന്നുള്ളവര് അണിനിരന്നു. ഇവര്‍ മടുക്കംമൂട്ടില്‍ സംഗമിച്ചു. ചീരഞ്ചിറ പള്ളിയില്‍നിന്നു കുരിശിന്റെ വഴിയായി എത്തിയ വിശ്വാസികള്‍ വലിയകുളത്തും ഇത്തിത്താനം, വടക്കേക്കര, ചെത്തിപ്പുഴ പള്ളികളില്‍നിന്നുള്ള കുരിശിന്റെ വഴികളും കുരിശുംമൂട്ടിൽ വച്ച് പ്രധാന കുരിശിന്റെ വഴിയോടു ചേര്‍ന്ന് പാറേല്‍ പള്ളിയിലേക്കു നീങ്ങി.
ചങ്ങനാശേരി ഭാഗത്തുനിന്നുള്ള വിശ്വാസികള്‍ ബൈപാസ് ജംഗ്ഷനില്‍ സംഗമിച്ചു
ചങ്ങനാശേരി മെത്രാപ്പോലീത്തന്പള്ളിയില്നിന്നു വൈകുന്നേരം അഞ്ചിന് വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കുരിശിന്റെ വഴിയില്‍ പുഴുവാത്, മനയ്ക്കച്ചിറ, വെട്ടിത്തുരുത്ത്, പറാല്‍, കുമരങ്കരി ഇടവകകളിലെ വിശ്വാസികള്‍ പങ്കാളികളായി. സെന്‍ട്രല്‍ ജംഗ്ഷനില്‍ എത്തിയപ്പോള്‍ ഗത്സെമനി, വാഴപ്പള്ളി പടിഞ്ഞാറ്, പെരുന്ന ഇടവകകളില്നിന്നുള്ളവരുമായി ചേര്‍ന്നു.
റെയില്‍വേ ബൈപാസ് ജംഗ്ഷനില്‍ മുത്തൂര്‍, ളായിക്കാട്, ഫാത്തിമാപുരം പള്ളികളില്‍ നിന്നുള്ളവര്‍ ഇവരോടൊപ്പം ഒത്തുചേർന്നു. തുരുത്തി ഫൊറോന പള്ളിയിൽ വികാരി ഫാ. ജോസ് വരിക്കപ്പള്ളിയുടെ നേതൃത്വത്തില്‍ ആരംഭിച്ച കുരിശിന്റെ വഴി റെയില്‍വേ ബൈപാസ് ജംഗ്ഷനില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ചങ്ങനാശേരി ഫൊറോനയുടെ കുരിശിന്റെ വഴിയുമായി സംഗമിച്ചു.
വികാരി ജനറാള്‍മാരായ മോണ്‍. മാത്യു ചങ്ങങ്കരി, മോണ്‍. സ്കറിയ കന്യാകോണില്‍, മോൺ. സോണി തെക്കേക്കര, ചാന്‍സലര്‍ ഫാ. ജോര്‍ജ് പുതുമനമൂഴിയില്‍, പ്രൊക്യുറേറ്റര്‍ ഫാ. ആന്റണി മാളേയ്ക്കല്‍, അതിരൂപതയിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍മാര്‍, വിവിധ ഇടവകകളിലെ വൈദികര്‍, സന്യാസിനികള്‍, അല്മായര് തുടങ്ങി ആയിരക്കണക്കിനു വരുന്ന വിശ്വാസീസമൂഹം കുരിശിന്റെ വഴിയില്‍ അണിനിരന്നു.