പാലായില്‍ ലഹരിവിരുദ്ധ മഹാസമ്മേളനം നാളെ
1539662
Friday, April 4, 2025 11:51 PM IST
പാലാ: മദ്യവും മാരക ലഹരികളും സമൂഹത്തിനും കുടുംബങ്ങള്‍ക്കും ഗുരുതര ഭീഷണിയുയര്‍ത്തുന്നതിന്റെ പശ്ചാത്തലത്തില്‍ പാലാ രൂപതയിലെ മുഴുവന്‍ ഇടവകകളെയും ലഹരിക്കെതിരേ ഉണര്‍ത്തുകയെന്ന ലക്ഷ്യവുമായി 171 ഇടവകകളെയും ഏകോപിപ്പിച്ചുള്ള മഹാസമ്മേളനം നാളെ പാലായില്‍ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ളാലം സെന്റ് മേരീസ് പഴയപള്ളി പാരിഷ് ഹാളിലാണ് സമ്മേളനം.
ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് രൂപതയിലെ മുഴുവന്‍ ഇടവക വികാരിമാര്‍ക്കും കത്തിലൂടെ പ്രത്യേക നിർദേശം നല്‍കിയാണ് സുപ്രധാന സമ്മേളനം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.
പാലാ ളാലം സെന്റ് മേരീസ് പഴയപള്ളി പാരിഷ്ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ രൂപത പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള അധ്യക്ഷത വഹിക്കും. മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. രൂപത ഡയറക്ടര്‍ ഫാ. ജോസഫ് വെള്ളമരുതുങ്കല്, എസ്എംവൈഎം ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, ജാഗ്രത സെല്‍ ഡയറക്ടര്‍ ഫാ. ജോസഫ് അരിമറ്റം, സാബു ഏബ്രഹാം, ആന്റണി മാത്യു, ജോസ് കവിയില്‍, അലക്സ് കെ. എമ്മാനുവേല്‍ എന്നിവര്‍ പ്രസംഗിക്കും.
കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന പാലാ രൂപതയുടെ ഓരോ ഇടവകയില്‍ നിന്നും 10 പേര് വീതം മുതിര്‍ന്നവരും യുവജനങ്ങളുമായി നൂറ് കണക്കിന് വിശ്വാസികള്‍ മഹാസമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് രൂപത ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്, സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ആന്റണി മാത്യു, സാബു ഏബ്രഹാം, ജോസ് കവിയില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.